Saturday, December 20, 2025

‘ദില്ലിയിൽ മത്സരിച്ചത് ഓർമ്മയില്ലേ…’! ഹരിയാന തെരഞ്ഞെടുപ്പില്‍ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് ആംആദ്മി നേതാവ്

ചണ്ഡീഗഢ്: ഹരിയാന തെരഞ്ഞെടുപ്പില്‍ 90 നിയോജക മണ്ഡലത്തിലും ആംആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആംആദ്മി നേതാവായ സോംനാഥ് ഭാര്‍തി. ആംആദ്മിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സോംനാഥിന്റെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയിൽ ധാരണ പ്രകാരം ഇരുപാര്‍ട്ടികളും മത്സരിച്ചിട്ടും മുഴുവന്‍ സീറ്റിലും ബിജെപി വിജയിച്ചതിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആഹ്വാനത്തിലേക്ക് സോംനാഥ് എത്തിച്ചേര്‍ന്നത്.

‘ആംആദ്മി പാര്‍ട്ടിയെ പിന്തുണക്കുന്നവര്‍ക്ക് തെറ്റായതും സ്വാര്‍ത്ഥമായതുമായ സഖ്യത്തോട് താല്‍പര്യമില്ല. ഹരിയാനയില്‍ സഖ്യമുണ്ടാക്കുന്നതിന് മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ രൂപീകരിച്ച സഖ്യത്തിന്റെ ഫലപ്രാപ്തി ആംആദ്മി പരിശോധിക്കണം. കോണ്‍ഗ്രസ് മത്സരിച്ച മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും ദില്ലിയില്‍ ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്‌രിവാള്‍ റോഡ് ഷോ നടത്തി. ആംആദ്മിയുടെ മന്ത്രിമാരും അവര്‍ക്ക് വേണ്ടി പ്രചരണത്തിനിറങ്ങി. എന്നാല്‍ ആംആദ്മി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി, പ്രത്യേകിച്ച് എനിക്ക് വേണ്ടി കോണ്‍ഗ്രസിന്റെ ദില്ലി നേതാക്കളോ, പ്രാദേശിക നേതാക്കളെ പിന്തുണ നല്‍കിയിട്ടില്ല,’ എന്ന് അദ്ദേഹം സാമൂഹ്യമാദ്ധ്യമമായ എക്‌സില്‍ കുറിച്ചു.

അതേസമയം ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കുകയാണ്. ഹരിയാനയില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കത്തിലാണ് ആം ആദ്മിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ആംആദ്മി പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാവാത്തതാണ് സീറ്റ് ചര്‍ച്ച പാതിവഴിയില്‍ അവസാനിക്കാനുള്ള കാരണമെന്നാണ് വിവരം.

Related Articles

Latest Articles