വാഷിങ്ടൺ : ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെട്ട് അമേരിക്ക ഇറാനെതിരെ സൈനിക നടപടികളിലേക്ക് നീങ്ങുന്നതായി സൂചന. ലൂസിയാനയിലെ ബാർക്‌സ്‌ഡെയ്ൽ വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്ന അമേരിക്കൻ സൈനിക വിമാനമായ ‘ഡൂംസ്ഡേ’ പ്ലെയിനാണ് ഇത്തരമൊരു സംശയത്തിന് കാരണം ‘ഫ്ലയിങ് പെന്റഗൺ’ എന്നും അറിയപ്പെടുന്ന E-4B നൈറ്റ് വാച്ച് ആണവ ആക്രമണ സമയത്ത് പ്രതിരോധത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത അമേരിക്കയുടെ വിമാനമാണ്. ആണവ ആക്രമണത്തെ അതിജീവിക്കാൻ കഴിയുന്ന E-4B നൈറ്റ് വാച്ച് എന്നറിയപ്പെടുന്ന വിമാനം നാല് മണിക്കൂറിലധികം ആകാശ നിരീക്ഷണം നടത്തിയതിനുശേഷം മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ ലാൻഡ് ചെയ്തു.
ആണവ ആക്രമണം ഉണ്ടാവുകയാണെങ്കിൽ അമേരിക്കൻ സൈന്യത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററായി പ്രവർത്തിക്കാൻ E-4B നൈറ്റ് വാച്ച് വിമാനത്തിന് സാധിക്കും. ബ്രീഫിങ് റൂം, കോൺഫറൻസ് റൂം, ആശയവിനിമയ മേഖല, വിശ്രമത്തിനായി 18 ബങ്കുകൾ എന്നിവയുൾപ്പെടെ മൂന്ന് ഡെക്കുകളാണ് വിമാനത്തിലുള്ളത്. പറന്നുകൊണ്ടിരിക്കുമ്പോൾ ഇന്ധനം നിറയ്ക്കാനുള്ള ശേഷിയുള്ളതിനാൽ 35 മണിക്കൂറിലധികം സമയം ലാൻഡിങ് നടത്താതെ ഈ വിമാനത്തിന് അന്തരീക്ഷത്തിൽ തുടരാൻ സാധിക്കും.
നേരത്തെ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെട്ട് അമേരിക്ക ഇറാനെ ആക്രമിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് തയ്യാറായിരുന്നില്ല. ഇടപെടാം, ഇടപെടാതിരിക്കാം. താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല. എന്നായിരുന്നു ട്രമ്പിന്റെ പ്രതികരണം. ചര്‍ച്ചയ്ക്കായി ഇറാൻ സമീപിച്ചതായി അവകാശപ്പെട്ട ട്രമ്പ് പക്ഷേ, അതിനുള്ള സമയം വൈകിയെന്നും പറഞ്ഞിരുന്നു.
ഇറാൻ ഒരിക്കലും കീഴടങ്ങില്ലെന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ പ്രസ്താവന സംബന്ധിച്ചും ട്രമ്പ് മറുപടി നൽകി. ‘ഞാന്‍ ആശംസകള്‍ പറയുന്നു’ എന്നായിരുന്നു ട്രമ്പ് പ്രതികരിച്ചത്. ഇറാനോടുള്ള ക്ഷമ ഇതിനകംതന്നെ തീര്‍ന്നെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്നും ട്രമ്പ് വ്യക്തമാക്കി.

