ഇറ്റാനഗർ: ഭാരതം തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഡോർണിയർ യാത്രാവിമാനത്തിന്റെ കന്നിപറക്കൽ ഫ്‌ളാഗ് ഓഫ് ചെയ്ത് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 17 സീറ്റുള്ള ‘ഡോർണിയർ 228 ‘ വിമാനത്തിന്റെ ആദ്യ യാത്ര അസമിലെ ദിബ്രുഗഢിൽ നിന്ന് അരുണാചൽ പ്രദേശിലെ പാസിഘട്ടിലേക്കാണെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും, അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായ പേമ ഖണ്ഡു എന്നിവർ ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. ‘ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനത്തിന്റെ ആദ്യ പറക്കൽ ഫ്‌ളാഗ് ഓഫ് ചെയ്തതിൽ അതിനായ സന്തോഷമുണ്ട്. ഈ ചരിത്ര മുഹൂർത്തത്തിൽ വടക്ക്-കഴിക്ക് സംസ്ഥാനങ്ങൾ മുൻഗണനാ മേഖലയായി പ്രഖ്യാപിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിക്കുന്നു’- കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ കുറിച്ചു.

അതേസമയം അരുണാചൽ പ്രദേശിലെ അഞ്ച് വിദൂര നഗരങ്ങളെയും അസമിലെ ദിബ്രുഗഡുമായി ബന്ധിപ്പിക്കുന്ന സർവ്വീസാണിത്. ഇതാദ്യമായാണ് തദ്ദേശീയമായി നിർമിച്ച ഒരു വിമാനം വാണിജ്യാടിസ്ഥാനത്തിൽ പറക്കാൻ ഉപയോഗിക്കുന്നത്. എസി ക്യാബിനോടുകൂടിയ 17 സീറ്റുകളുള്ള നോൺ-പ്രഷറൈസ്ഡ് ‘ഡോർണിയർ 228’ വിമാനം, രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കാൻ പ്രാപ്തമാണ്. അതുപോലെ അടുത്ത 15 മുതൽ 20 ദിവസങ്ങൾക്കുള്ളിൽ, അരുണാചൽ പ്രദേശിലെ രണ്ട് പട്ടണങ്ങളായ തേസുവിലേക്കും തുടർന്ന് സീറോയിലേക്കും വിമാനം സർവ്വീസ് നടത്തും. രണ്ടാം ഘട്ടത്തിൽ ഇത് വിജയനഗർ, മെചുക, അലോംഗ് തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവീസ് നടത്തുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

