തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനത്തിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിക്കായുള്ള തെരച്ചിൽ ഇരുപത്തിയാറാം മണിക്കൂറിലേക്ക് കടക്കുന്നതിനിടെ ശരീര ഭാഗമെന്ന് കരുതുന്ന വസ്തു റോബോട്ടിക് ക്യാമറയിൽ പതിഞ്ഞു. കണ്ടത് ജോയിയുടെ കാൽപ്പാദമാണെന്നാണ് സംശയം. ഇത് സ്ഥിരീകരിക്കാനായി വീണ്ടും ടണലിനുള്ളിൽ പ്രവേശിച്ച് പരിശോധന നടത്തുകയാണ് സ്കൂബാ ടീം.
ഇന്നലെ രാവിലെയാണ് നഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. എന്നാൽ, തോട്ടിലടിഞ്ഞ മാലിന്യം മൂലം തെരച്ചിൽ പലപ്പോഴും തടസ്സപ്പെട്ടു. ഇതോടെയാണ് ടെക്നോപാർക്കിലെ കമ്പനിയുടെ റോബോട്ടിനെ സ്ഥലത്തെത്തിച്ച് തെരച്ചിൽ ആരംഭിച്ചത്.
ദേശീയ ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്സിന്‍റെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായി സ്ഥലത്ത് ഉണ്ട്. മാലിന്യം കട്ടിയായി അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നിർത്തിയിരിക്കുകയാണ്.

