Tuesday, December 16, 2025

കേരള സർവകലാശാലയിൽ നാടകീയ സംഭവങ്ങൾ ! രജിസ്ട്രാറെ തിരിച്ചെടുക്കാൻ ഉത്തരവിറക്കി സിൻഡിക്കേറ്റ് ! യൂണിവേഴ്സിറ്റിയിലെത്തി ചുമതലയേറ്റ് കെ.എസ്. അനിൽ കുമാർ !

തിരുവനന്തപുരം : കേരള സർവകലാശാലയിൽ നാടകീയ സംഭവങ്ങൾ. സസ്‌പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാറെ തിരിച്ചെടുക്കാൻ സിൻഡിക്കേറ്റ് ഉത്തരവിറക്കിയതിനെത്തുടർന്ന് രജിസ്ട്രാർ പ്രൊഫ. കെ.എസ്. അനിൽ കുമാർ സർവകലാശാലയിലെത്തി ചുമതലയേറ്റെടുത്തു. വൈകുന്നേരം നാലരയോടെയാണ് രജിസ്ട്രാർ സിൻഡിക്കേറ്റിന്റെ നിർദേശ പ്രകാരം സർവകലാശാലയിലെത്തിയത്.

ഇന്ന് ഉച്ചയോടെയായിരുന്നു സിൻഡിക്കേറ്റ് അടിയന്തരയോഗം ചേർന്നത്. രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്ത വൈസ് ചാൻസിലറുടെ നടപടി ചോദ്യംചെയ്തുകൊണ്ടുള്ള ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു നടപടി. ഭൂരിപക്ഷംവരുന്ന സിൻഡിക്കേറ്റ് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കി ഉത്തരവിട്ടു. ഇതേത്തുടർന്നാണ് അനിൽകുമാർ വീണ്ടും രജിസ്ട്രാർ ആയി ചുമതലയിൽ പ്രവേശിച്ചത്.

വൈസ് ചാൻസലർ ചുമതലയിലുള്ള സിസാ തോമസിന്റെ എതിർപ്പ് മറികടന്നാണ് ഇടത് പക്ഷ ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾ തീരുമാനമെടുത്തത്. യോഗത്തിൽ നിന്ന് വൈസ് ചാൻസിലർ ഇറങ്ങി പോയതിന് ശേഷവും യോഗം തുടരുകയായിരുന്നു. സസ്‌പെൻഷൻ റദ്ദാക്കൽ തീരുമാനത്തിന് നിയമസാധുതയില്ലെന്നും തന്റെ സാന്നിധ്യത്തിൽ അത്തരമൊരു തീരുമാനമുണ്ടായിട്ടില്ലെന്നും താൻ യോഗത്തിൽ നിന്നും പുറത്തിറങ്ങിയ ശേഷമുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്നും സിസ തോമസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.ചാൻസിലർ കൂടിയായ ഗവർണറോട് അനാദരവ് കാണിച്ചു എന്നതടക്കമുള്ള ഗുരുതര കണ്ടെത്തലിനെത്തുടർന്നാണ് പ്രത്യേക സാഹചര്യങ്ങളിൽ വിസിയ്ക്ക്‌ സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിക്കാനുള്ള വ്യവസ്ഥ ­ഉപയോഗിച്ചാണ്‌ നേരത്തേ രജിസ്ട്രാറെ സസ്‌പെൻഡു ചെയ്തത്. സീനിയർ ജോ. രജിസ്ട്രാർ പി. ഹരികുമാറിനാണ് പുതിയ ചുമതല നൽകിയിരുന്നത്.

രജിസ്ട്രാറുടെ സസ്പെൻഷൻ നടപടി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. നാളെ കോടതി പരിഗണിക്കുമ്പോൾ റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതിനെ വിയോജിച്ച് കുറിപ്പ് നൽകിയ സാഹചര്യങ്ങളടക്കം വിശദീകരിച്ച് സിസ തോമസിന് പ്രത്യേക സത്യവാങ്മൂലം നൽകാം. ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിലെ വിവരങ്ങളടക്കം വിസി കോടതിയെ അറിയിക്കും.

Related Articles

Latest Articles