Saturday, December 20, 2025

സനാതനികൾക്ക് സ്വപ്ന സാക്ഷാത്കാരം ! 34 വർഷങ്ങൾക്ക് മുൻപ് അക്രമകാരികൾ തകർത്ത കശ്മീരിലെ ഉമാ ഭഗവതി ക്ഷേത്രം ജൂലൈ 14-ന് ഭക്തർക്ക് തുറന്നു നൽകും

ശ്രീനഗർ : അക്രമികൾ തകർത്ത കശ്മീരിലെ ഉമാ ഭഗവതി ക്ഷേത്രം ജൂലൈ 14-ന് ഭക്തർക്കായി തുറന്നുകൊടുക്കും . ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഷാംഗസ് തഹ്‌സിലിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഉമാ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുക്കുക . ഉമാ ഭഗവതി അസ്തപൻ ട്രസ്റ്റ് രാജസ്ഥാനിൽ നിന്ന് കൊണ്ടുവന്ന ഉമാ ദേവിയുടെ വിഗ്രഹവും അന്നേദിവസം ശ്രീകോവിലിൽ പ്രതിഷ്ഠിക്കും.

34 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇപ്പോൾ ഭക്തർക്കായി ക്ഷേത്രം തുറന്ന് നൽകുന്നത് . ഇത് പ്രദേശത്തെ പ്രാദേശിക വിശ്വാസ സമൂഹത്തിന്റെ സ്വപ്ന സാക്ഷാത്കാരമാണ്.പ്രശസ്ത പുരോഹിതർ ശ്രീകോവിലിൽ ഹോമം നടത്തും. ജൂലൈ 13ന് വൈകുന്നേരമാണ് ഹോമം ആരംഭിക്കുക. 1990-ൽ നശിപ്പിക്കപ്പെട്ട ക്ഷേത്രം വീണ്ടെടുക്കുന്നതിനായി 10 വർഷം മുൻപ് ഉമാ ഭഗവതി അസ്തപൻ ട്രസ്റ്റ് ആരംഭിക്കുകയും, ക്ഷേത്രത്തിന്റെ നവീകരണം ആരംഭിക്കുകയും ചെയ്തു.

ഉമാ ഭഗവതി മൂർത്തി വിഗ്രഹം കൂടാതെ പഞ്ചമുഖി ഹനുമാൻ മൂർത്തി വിഗ്രഹവും സമീപത്തെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുമെന്ന് ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു. ജയ്പൂരിൽ നിന്നാണ് ഈ വിഗ്രഹവും എത്തിക്കുക. കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളമായി ഭക്തർ എത്തിയിരുന്ന പുരാതന ക്ഷേത്രമാണ് ബ്രരിയാൻഗനിലെ ഉമാ ഭഗവതി ക്ഷേത്രം. കശ്മീരി പണ്ഡിറ്റുകളുടെ ദേവതയാണ് ഉമാ ദേവി.

ഓംകാരത്തിന്റെ ആകൃതിയിലുള്ള നീരുറവകളാണ് ക്ഷേത്രത്തിലുള്ളത് . ബ്രഹ്മ കുണ്ഡ്, വിഷ്ണു കുണ്ഡ്, രുദ്ര കുണ്ഡ്, ശിവശക്തി കുണ്ഡ് എന്നിങ്ങനെയാണ് അവയ്‌ക്ക് പേരിട്ടിരിക്കുന്നത്. 1990-ൽ താഴ്‌വരയിൽ കലാപം പടരുകയും ഉമാദേവി ക്ഷേത്രം തകർക്കപ്പെടുകയും ചെയ്തു . മണ്ഡല വികസന ഫണ്ടിൽ (സിഡിഎഫ്) നിന്ന് അന്നത്തെ എംഎൽസി വിജയ് ബക്കയ നൽകിയ അഞ്ച് ലക്ഷം രൂപ ഉൾപ്പെടെ 30 ലക്ഷത്തോളം രൂപ ക്ഷേത്ര പുനരുദ്ധാരണത്തിനായി ട്രസ്റ്റ് ചെലവഴിച്ചതായി സംഘാടകർ പറഞ്ഞു.

Related Articles

Latest Articles