Saturday, December 13, 2025

അമ്പലപ്പുഴയിൽ ദൃശ്യം മോഡൽ കൊലപാതകം; സ്ത്രീയെ കൊന്ന് അയൽപക്കത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിനകത്ത് കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്‌തു; മൊബൈൽ ഫോൺ കണ്ണൂരിലേക്കുള്ള കെ എസ് ആർ ടി സി ബസ്സിൽ ഉപേക്ഷിച്ചു

ആലപ്പുഴ: അമ്പലപ്പുഴയിൽ പുറക്കാട് പഞ്ചായത്തിലെ കരൂരിൽ ദൃശ്യം മോഡൽ കൊലപാതകം. പ്രതി ജയചന്ദ്രൻ പോലീസിന്റെ പിടിയിലായി. ഇയാളുടെ സുഹൃത്തായ കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്‌മിയെയാണ് തന്റെ വീട്ടിൽ കൊണ്ടുവന്ന് കൊലപ്പെടുത്തിയത്. മത്സ്യബന്ധന തൊഴിലാളിയായ ജയചന്ദ്രൻ കരുനാഗപ്പള്ളി ഹാർബറിൽ വച്ചാണ് വിജയലക്ഷ്‌മിയെ കണ്ട് പരിചയപ്പെടുന്നത്. പിന്നീടത് സൗഹൃദമായി വളരുകയായിരുന്നു. ഈ മാസം ആറിനാണ് വിജയലക്ഷ്‌മി ജയചന്ദ്രനോടൊപ്പം കരൂരിലെ വീട്ടിലെത്തിയത്. ഒരു ദിവസം ഇരുവരും അവിടെ താമസിച്ചു. ഏഴാം തീയതി പെട്ടെന്നുണ്ടായ പ്രകോപനം കാരണം വിജയലക്ഷ്മിയെ കൊലപ്പെടുത്തിയെന്നാണ് ജയചന്ദ്രന്റെ മൊഴി. കട്ടിങ് പ്ലെയർ കൊണ്ട് തലയ്ക്കടിച്ചതും കട്ടിലിന്റെ കാലിൽ തലയിടിപ്പിച്ചുമാണ് കൊലപാതകം നടത്തിയത്. കയർ കൊണ്ട് കഴുത്തിൽ മുറുക്കി മരണം ഉറപ്പാക്കി. തുടർന്ന് മൃതദേഹം അയൽപ്പക്കത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കുഴിച്ചു മൂടി കോൺക്രീറ്റ് ചെയ്‌തു എന്നാണ് സൂചന. മൃതദേഹം കണ്ടെടുത്തിട്ടില്ല.

ഈ മാസം ആറിനാണ് വിജയലക്ഷ്‌മിയെ കാണാതായത്. പതിമൂന്നിന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് വിജയലക്ഷ്മിയുടെ ഫോൺ രേഖകൾ പരിശോധിച്ചാണ് കരുനാഗപ്പള്ളി പോലീസ് ജയചന്ദ്രനിലേക്കെത്തിയത്. കൊലയ്ക്ക് ശേഷം പ്രതി വിജയലക്ഷ്മിയുടെ വസ്ത്രങ്ങൾ അയൽവീട്ടിലെ കുളിമുറിയിൽ ഇട്ട് കത്തിക്കുകയും ഫോൺ എറണാകുളത്തെത്തി കണ്ണൂരിലേക്കുള്ള കെ എസ് ആർ ടി സി ബസ്സിൽ മനപ്പൂർവ്വം ഉപേക്ഷിച്ചു. എന്നാൽ ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ യാത്രക്കാർ അത് എറണാകുളത്തെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

ഫോൺ രേഖകളിൽ വിജയലക്ഷ്‌മി ജയചന്ദ്രനൊപ്പം ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസിന് അയാളിൽ നിന്ന് ശരിയായ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. വിദഗ്ദ്ധമായി പോലീസിന്റെ ചോദ്യങ്ങളിൽ നിന്ന് പ്രതി ഒഴിഞ്ഞുമാറി. എന്നാൽ ഇരുവരുടെയും ടവർ ലൊക്കേഷൻ രണ്ടു ദിവസവും ഒരു സ്ഥലത്തായിരുന്നു എന്നത് പോലീസ് പറഞ്ഞതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി ജയചന്ദ്രന് ഭാര്യയും മകനുമുണ്ട്. ഇവർ വീട്ടിലില്ലാതിരുന്ന സമയത്താണ് വിജയലക്ഷ്‌മിയുമായി ജയചന്ദ്രൻ വീട്ടിലെത്തിയത്. പ്രതിയെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നു.

Related Articles

Latest Articles