കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് യുവ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ ഛായാഗ്രഹകനും സംവിധായകനും കൂടിയായ സമീര്‍ താഹിര്‍ അറസ്റ്റിലായി. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സമീറിനും ലഹരിയിടപാടിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ തന്റെ അറിവോടെയല്ല ഫ്ലാറ്റിലെ ലഹരി ഉപയോഗമെന്ന് സമീർ താഹിർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നേരത്തെ സംവിധായകര്‍ പിടിയിലായ സംഭവത്തില്‍ ചോദ്യം ചെയ്യലിനായി സമീര്‍ താഹിറിനെ വിളിപ്പിച്ചിരുന്നു. സമീർ വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റില്‍ നിന്നായിരുന്നു യുവ സംവിധായകര്‍ പിടിയിലായത്. എന്നാൽ ഈ സമയത്ത് സമീർ തന്റെ ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല.
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവായിരുന്നു പിടികൂടുമ്പോള്‍ സംഘത്തിന്‍റെ കൈവശം ഉണ്ടായിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം സമീറിന്റെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. ഖാലിദ് റഹ്‌മാന്റെയും, അഷ്‌റഫ് ഹംസയുടെയും വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.
അതേസമയം, ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തില്‍ ഫ്‌ലാറ്റ് ഒഴിയണമെന്ന് സമീര്‍ താഹിറിനോട് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. തൃശ്ശൂര്‍ സ്വദേശിയാണ് സമീര്‍ താഹിര്‍ താമസിക്കുന്ന ആഡംബര ഫ്‌ളാറ്റിന്റെ ഉടമ. ഈ ഫ്‌ളാറ്റ് സമീര്‍ താഹിറിന് വാടകയ്ക്ക് നല്‍കിയിരുന്നതാണ്. ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത് തങ്ങള്‍ക്കെല്ലാം നാണക്കേടുണ്ടാക്കിയെന്നും സംഭവം നടുക്കുന്നതാണെന്നും കാണിച്ചാണ് ഫ്‌ളാറ്റ് ഉടമയ്ക്ക് അസോസിയേഷന്‍ കത്തുനല്‍കിയത്.

