Monday, December 15, 2025

മരുന്ന് ക്ഷാമം ! പാകിസ്ഥാനിലെ കറാച്ചിയില്‍ ഇക്കൊല്ലം ഡിഫ്തീരിയ ബാധിച്ച് മരിച്ചത് 100 കുട്ടികൾ ! ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

പാകിസ്ഥാനിലെ കറാച്ചിയില്‍ ഈ വര്‍ഷം മാത്രം നൂറോളം കുട്ടികള്‍ ഡിഫ്തീരിയ ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. മരുന്ന് ക്ഷാമമാണ് കൂട്ട മരണങ്ങൾക്ക് കാരണമെന്നാണ് വിവരം. ഡിഫ്തീരിയയ്‌ക്കെതിരേ വാക്‌സിന്‍ ലഭ്യമായിരുന്നെങ്കിലും ചികിത്സയില്‍ സുപ്രധനമായ ഡിഫ്തീരിയ ആന്റി ടോക്‌സിന്‍ എന്ന മരുന്ന് ലഭിക്കാത്തതിനെ തുടര്‍ന്നാണ് വ്യാപകമായ മരണം ഉണ്ടായതെന്നാണ് പ്രാദേശിക പാക് മാദ്ധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2023ലും സമാനമായ രീതിയില്‍ ഡിഫ്തീരിയ വ്യാപിച്ചിരുന്നു. 140 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 52 മരണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഡിഫ്തീരിയ ആന്റി ടോക്‌സിന്‍ ഡിഫ്തീരിയ ചികിത്സയില്‍ സുപ്രധാന മരുന്നാണ്. എന്നാല്‍ സിന്ധ്, കറാച്ചി തുടങ്ങിയ മേഖലകളില്‍ ഇത് ലഭ്യമല്ല. ഒപ്പം രണ്ടരലക്ഷം പാക് രൂപ വരെയുള്ള ചികിത്സാതുകയും പ്രതിസന്ധി സൃഷ്ടിക്കുകയാണ് .

ശ്വസനേന്ദ്രിയ വ്യൂഹത്തേയും ചര്‍മത്തേയും ബാധിക്കുന്ന ബാക്ടീരിയ ബാധയാണ് ഡിഫ്തീരിയ. രോഗം ഹൃദയത്തേയും നാഡികളേയും ബാധിക്കും. എന്നാല്‍ വാക്‌സിന്‍ ലഭിച്ചാൽ രോഗത്തെ പ്രതിരോധിക്കാനാവുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കാണ് രോഗബാധയ്ക്കുള്ള അതീവസാധ്യത. രാജ്യത്ത് വാക്‌സിന്റെ ലഭ്യത കുറഞ്ഞതില്‍ ആരോഗ്യവിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles