കോഴിക്കോട്: ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന രാസലഹരിയുമായി യുവാവ് അറസ്റ്റിൽ. മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കൽ മുഹമ്മദ് അനസാണ് (20) 81 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഇയാളിൽ നിന്ന് പിടികൂടിയ ലഹരി മരുന്നിന് കേരളത്തിൽ മൂന്നുലക്ഷം രൂപയോളം വില വരുമെന്ന് അധികൃതർ വ്യക്തമാക്കി. താമരശ്ശേരി ചുങ്കത്തിന് സമീപത്തുനിന്നാണ് ഇന്ന് ഉച്ചയ്ക്ക് ഇയാൾ അറസ്റ്റിലായത്.
സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ. ബെംഗളൂരുവിലെ മൊത്ത കച്ചവടക്കാരിൽനിന്നു വാങ്ങി കോഴിക്കോട് ജില്ലയിൽ വിൽപ്പന നടത്തുന്നയാളാണ് അനസെന്ന് പോലീസ് പറയുന്നു. ഒരു വർഷമായി ഇയാൾ ബെംഗളൂരുവിൽ കഫെ ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു.

