കൊൽക്കത്ത: ഏഴാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ ചാന്ദ്പൂർ ഗ്രാമത്തിൽ ബിജെപി നേതാവ് ഹാഫിസുൽ ഷെയ്ഖിനെ അക്രമി സംഘം വെടിവച്ചു കൊന്ന ശേഷം തലയറുത്തു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അയച്ച അക്രമികളാണ് 35 കാരനായ ഹാഫിസുലിനെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഹാഫിസുൽ ഷെയ്ക്ക് സിപിഎമ്മിൽ നിന്ന് ബിജെപിയിൽ അടുത്തിടെ എത്തിയ പ്രവർത്തകനാണ്
കാളിഗഞ്ച് പോലീസ് സ്റ്റേഷനിലെ ചാന്ദ്പൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. ഹഫീസുൽ ഷെയ്ഖ് ആ പ്രദേശത്തെ ഒരു ചായക്കടയിൽ കാരംസ് കളിക്കുകയായിരുന്ന ഹാഫിസുലിനെതിരെ മോട്ടോർ ബൈക്കിൽ എത്തിയ ചില അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഹാഫിസുൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പോലീസ് നിഷ്‌ക്രിയത്വത്തിൽ രോഷാകുലരായ ജനക്കൂട്ടം, ഹാഫിസുലിന്റെ മൃതദേഹം കണ്ടെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ദേവഗ്രാം ഔട്ട്‌പോസ്റ്റിലെത്തി പ്രതിഷേധിച്ചു.
കാക്കി യൂണിഫോം ധരിച്ച് പോലീസുകാരെപ്പോലെയാണ് അക്രമികൾ എത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഏഴ് ഘട്ട വോട്ടെടുപ്പിലും ബംഗാളിൽ അക്രമസംഭവങ്ങൾ അരങ്ങേറി. ലോക്‌സഭാ ഫലത്തിന് കഷ്ടിച്ച് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ തൃണമൂൽ സ്ഥാനാർത്ഥി മഹുവ മൊയ്ത്രയുടെ മണ്ഡലത്തിൽ നടന്ന കൊലപാതകം സംസ്ഥാനത്ത് രാഷ്ട്രീയ കൊടുങ്കാറ്റ് ഇളക്കിവിട്ടിരിക്കുകയാണ്. ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ തൃണമൂൽ പ്രവർത്തകർ ബോംബെറിഞ്ഞതായും ആരോപണമുണ്ട്.

