ജില്ലയിലെ സിപിഎം നേതാക്കള്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളുയര്‍ത്തുന്ന ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദസന്ദേശം പുറത്ത്. സുഹൃത്തും സിപിഎം നേതാവുമായ നിബിന്‍ ശ്രീനിവാസനോട് ശരത്പ്രസാദ് നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. അഞ്ചുവര്‍ഷം മുന്‍പ് നടത്തിയ ഫോണ്‍ സംഭാഷണമാണിതെന്നാണ് ശരത്പ്രസാദ് പറയുന്നത്. എം കെ കണ്ണൻ, എ സി മൊയ്തീൻ എന്നിവർക്കെതിരെയാണ് ഫോൺ സംഭാഷണത്തിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്.നേരത്തേ കരുവന്നൂര്‍ കേസില്‍ പ്രതിക്കൂട്ടിലായിരുന്ന നേതാക്കള്‍ക്കെതിരെയാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദസന്ദേശമെന്നത് എന്നതും ശ്രദ്ധേയമാണ്. എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ, അനൂപ് ഡേവിസ് കാട എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് വിധേയമായതാണ്.
“പണ്ട് തൃശ്ശൂര്‍ ടൗണില്‍ കപ്പലണ്ടി വിറ്റുനടന്ന എം.കെ. കണ്ണന്‍ ഇപ്പോള്‍ ഏത് നിലയിലെത്തിയെന്ന് ആലോചിക്കണം. പുതുക്കാട് എംഎല്‍എ കെ.കെ. രാമചന്ദ്രന്റെ സ്ഥിതിയെപ്പറ്റി ചോദിക്കുമ്പോഴും വലിയ സാമ്പത്തിക സ്ഥിതിയിലാണ് എല്ലാവരും എന്ന് മറുപടി പറയുന്നുണ്ട്. അനൂപ് ഡേവിസ് കാട, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വര്‍ഗീസ് കണ്ടംകുളത്തി എന്നിവര്‍ക്കെല്ലാം വലിയ സാമ്പത്തിക ഇടപാടുകളുണ്ട്. ഒരുഘട്ടം കഴിഞ്ഞാല്‍ സിപിഎം നേതാക്കളുടെ നിലവാരം മാറുകയാണ്. ജില്ലാ നേതൃത്വത്തില്‍ സാമ്പത്തികമായി ആര്‍ക്കും പ്രശ്‌നമില്ല.
ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് വന്‍കിട ആളുകളുമായാണ് സാമ്പത്തിക ഇടപാടുകള്‍. കമ്മിറ്റിയിലെ ആര്‍ക്കും സാമ്പത്തികമായി പ്രശ്‌നങ്ങളില്ല. അതിനു പിന്നില്‍ വലിയതോതിലുള്ള പിരിവുകളാണ്. ഡിവൈഎഫ്‌ഐ നേതാവ് പിരിക്കുമ്പോള്‍ കിട്ടുന്ന പണമല്ല, സിപിഎം നേതൃത്വം പിരിക്കുമ്പോള്‍ കിട്ടുന്നത്.”- ഫോൺ സംഭാഷണത്തിൽ പറയുന്നു.

