Tuesday, December 16, 2025

SFIക്കാരന്റെ കൊലപാതകം: ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേർക്കുനേർ: സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ച് വിട്ട് SFIയും ഇടത്പക്ഷവും

മലപ്പുറം: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍ സംസ്ഥാനത്ത് ഉടനീളം സംഘര്‍ഷം. മലപ്പുറത്തും പത്തനംതിട്ടയിലും ഡിവൈഎഫ്‌ഐ-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

മലപ്പുറത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പങ്കെടുക്കുന്ന കോൺഗ്രസ് മേഖലാ കൺവൻഷനിലേക്ക്‌ എസ് എഫ് ഐ, ഡി.വൈ.എഫ്.ഐ, സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വേദിക്ക് സമീപമെത്തിയപ്പോഴാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്.

അതേസമയം ആദ്യം എസ്എഫ്ഐ പ്രവർത്തകരാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ചെറിയതോതിൽ സംഘർഷാവസ്ഥയുണ്ടായതോടെ പൊലീസ് ഇടപെട്ടു. ഇതോടെ പ്രവർത്തകർ പിരിഞ്ഞുപോയി. നേര്‍ക്കുനേര്‍ നിന്ന പ്രവര്‍ത്തകരെ പൊലീസ് പിരിച്ചുവിട്ടു.

എന്നാൽ ഇതിനു പിന്നാലെ ഡിവൈഎഫ് ഐ – സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചെത്തി. സുധാകരനെതിരെ മുദ്രാവാക്യം വിളികളുയർന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചെത്തി തിരികെ മുദ്രാവാക്യം വിളിച്ചു. തുടർന്ന് രണ്ട് വിഭാഗവും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘർഷാവസ്ഥ കൂടി. ഇതോടെ നിരവധി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പുചെയ്യുകയാണ്. രണ്ട് വിഭാഗവും രണ്ട് സ്ഥലത്തായി നിലയുറപ്പിച്ച് മുദ്രാവാക്യം വിളിക്കുകയാണ്. സംഘർഷാവസ്ഥ പൂർണമായും മാറിയിട്ടില്ല.

അതേസമയം എസ്എഫ്ഐ വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ നിഖിൽ പൈലിയടക്കം രണ്ട് യൂത്ത് കോൺ​ഗ്രസുകാരെ കസ്റ്റ‍‍ഡിയിലെടുത്തു. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ജെറിൻ ജോജോയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

Related Articles

Latest Articles