കണ്ണൂർ: സർവീസ് ചട്ടങ്ങൾ ലംഘിച്ച് സർക്കാർ ജോലിയിലിരിക്കെ പെട്രോൾ പമ്പ് തുടങ്ങാൻ ശ്രമിച്ച പ്രശാന്തനെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ മടിച്ചു നിൽക്കുമ്പോൾ നടപടി കടുപ്പിച്ച് കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കണ്ണൂർ എ ഡി എമ്മായിരുന്ന നവീൻ ബാബുവിനെതിരെ കൈക്കൂലിപരാതി ഉന്നയിച്ചത് പ്രശാന്തനായിരുന്നു. കേവലമൊരു സർക്കാർ ആശുപത്രിയിൽ ഇലക്ട്രീഷ്യനായി ജോലിചെയ്യുന്ന പ്രശാന്തന് പെട്രോൾ പമ്പ് തുടങ്ങാനാവശ്യമായ രണ്ടുകോടിരൂപ എങ്ങനെ കിട്ടി എന്നതിൽ സംശയം ഉയർന്നിരുന്നു. പ്രശാന്തൻ ബിനാമിയാണെന്നും പമ്പ് തുടങ്ങാൻ കള്ളപ്പണം വിനിയോഗിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. ഈ വിഷയമാണ് ഇ ഡി അന്വേഷിക്കുന്നത്. പ്രാഥമിക വിവരങ്ങൾ ഏജൻസി ശേഖരിക്കുന്നതായാണ് വിവരം.
കൈക്കൂലി നൽകിയതിന് അഴിമതി നിരോധന നിയമത്തിന്റെ 13 ബി വകുപ്പ് പ്രകാരമാണ് പ്രശാന്തിനെതിരെ കേസെടുത്തിരിക്കുന്നത്. പി എം എൽ എ നിയമപ്രകാരം ഇത് ഷെഡ്യൂൾഡ് കുറ്റകൃത്യമാണ്. ഈ കുറ്റകൃത്യത്തെ കുറിച്ച് അറിവുണ്ടായിരുന്നിട്ടും പുറത്തുപറയാതിരിക്കുന്നതും കുറ്റകൃത്യമാണ്. ഇതുപ്രകാരമാണ് പി പി ദിവ്യയും പ്രതിയാകുക. പ്രശാന്തന്റെ പെട്രോൾ പമ്പിനുള്ള അനുമതി അകാരണമായി വൈകിച്ചുവെന്നും ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ശേഷമാണ് എൻ ഒ സി നല്കിയതെന്നുമാണ് എ ഡി എം നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രെസിഡന്റായിരുന്ന പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. വിടപറയൽ ചടങ്ങിനെതിരെ സഹപ്രവർത്തകരുടെ മുന്നിൽവച്ച് അപമാനിച്ചതിന് മനംനൊന്ത് നവീൻബാബു ആത്മഹത്യ ചെയ്‌തിരുന്നു.
അതേസമയം പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിലപാട്. പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തെങ്കിലും ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന പ്രക്രിയ പൂർത്തിയായിട്ടില്ല. പ്രശാന്തന്റെ കാര്യത്തിലും ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. പെട്രോൾ പമ്പിന് പ്രശാന്തൻ അപേക്ഷിച്ച കാര്യം വകുപ്പിന് അറിയില്ലെന്നും ഇക്കാര്യം അന്വേഷിച്ച ശേഷം ക്രമക്കേട് കണ്ടെത്തിയാൽ പ്രശാന്തനെ വകുപ്പ് സ്ഥിരപ്പെടുത്തില്ലെന്നും വീണാ ജോർജ് അറിയിച്ചു.

