പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി പ്രാഥമികാന്വേഷണം തുടങ്ങി. നിക്ഷേപമായി നിരവധിയാളുകളിൽ നിന്ന് പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നതുമാണ് പരിശോധിക്കുന്നത്. നിക്ഷേപം സ്വീകരിക്കുന്നതിലും തുടർന്ന് മറ്റ് ബിസിനസുകളിലേക്ക് വക മാറ്റുന്നതിലും കളളപ്പണ ഇടപാടുണ്ടോയെന്നാണ് അന്വേഷണ പരിധിയിൽ ഉളളത്.ഇതിനൊപ്പം ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചും അന്വേഷണ ഏജൻസി അന്വേഷണം നടത്തുന്നുണ്ട്. അതേസമയം നിലവിൽ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്നതെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.
ബോബി ചെമ്മണ്ണൂർ വലിയ പലിശ വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്ന് ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്നുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ ഇഡി കണ്ടെത്തിയിട്ടുണ്ട്. ഈ പണം വിവിധ ബിസിനസ് ആവശ്യങ്ങൾക്കായി വകമാറ്റുന്നുണ്ട്. ഇതിൽ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. ഫെമ ലംഘനം ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സാധാരണ ഗതിയിൽ മറ്റേതെങ്കിലും ഏജൻസി കേസ് രജിസ്റ്റർ ചെയ്താൽ മാത്രമേ ഇഡിക്ക് കേസുമായി മുന്നോട്ട് പോകാൻ സാധിക്കൂ. നേരത്തെ ബൊചെ ടീ നറുക്കെടുപ്പിൽ കേരളാ ലോട്ടറി ഡയറക്ടർ പൊലീസിൽ പരാതി നൽകിയിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരെ രണ്ട് എഫ്ഐആർ നിലവിലുണ്ട്. പത്തനംതിട്ടയിലും വയനാട്ടിലുമാണ് പോലീസ് കേസെടുത്തത്.

