Sunday, December 21, 2025

പകുതിവില തട്ടിപ്പിൽ കേരളാ പോലീസ് തൊടാതെവിട്ട ഷീബാ സുരേഷിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിച്ച് ഇ ഡി; വസതിയിൽ ചോദ്യം ചെയ്യൽ തുടരുന്നു; നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന; കോൺഗ്രസ് നേതാവ് അറസ്റ്ററിലേക്കോ ?

കുമിളി: പകുതി വില തട്ടിപ്പ് കേസിൽ മുഖ്യപങ്കുണ്ടെന്ന് സംശയിക്കുന്ന ഷീബാ സുരേഷിനെയും ഭർത്താവിനെയും വിദേശത്ത് നിന്ന് തിരികെ നാട്ടിലെത്തിച്ച് കേന്ദ്ര ഏജൻസിയായ ഇ ഡി. ഇരുവരെയും കുമിളിയിലെ വസതിയിൽ ചോദ്യം ചെയ്യുന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുമ്പോൾ ഇരുവരും മകൾക്കൊപ്പം വിദേശത്തായിരുന്നു. തുടർന്ന് ഇ ഡി വീട് പൂട്ടി സീൽ ചെയ്തിരുന്നു. കോൺഗ്രസ് നേതാവും മുൻ കുമിളി പഞ്ചായത്ത് പ്രസിഡന്റുമാണ് ഷീബ.

കേരളാ പോലീസ് തൊടാതെ വിട്ട കേസിലെ സുപ്രധാന കണ്ണിയെയാണ് ഇ ഡി ഇപ്പോൾ വിടാതെ പിടിച്ചിരിക്കുന്നത്. ഷീബ പ്രതിയല്ലെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ എൻ ജി ഒ കോൺഫെഡറേഷൻ ബോർഡ് അംഗമെന്ന നിലയിൽ ഷീബയ്ക്ക് ദുരൂഹ സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്നാണ് ഇ ഡി വിലയിരുത്തൽ. ഇടുക്കി ജില്ലയിൽ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് അനന്തു കൃഷ്ണൻ നേരിട്ടായിരുന്നു. എന്നാൽ കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളുടെ ചുമതല വഹിച്ചിരുന്നത് ഷീബ സുരേഷ് ആയിരുന്നു.

സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തേണ്ടതുണ്ട്. ഇതിനായിട്ടാണ് ഷീബയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത്. തട്ടിപ്പ് കേസിൽ സുപ്രധാന തെളിവുകളും വിവരങ്ങളും ഷീബയിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം ഇഴഞ്ഞു നീങ്ങുമ്പോഴാണ് ഇ ഡി യുടെ ചടുല നീക്കം. പകുതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ 40000 ത്തോളം പേരാണ് ഇരയായത്.1000 കോടിയുടെ തട്ടിപ്പ് നടന്നു എന്നാണ് കണക്ക്. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി സംഘം പരിശോധിക്കുന്നത്.

Related Articles

Latest Articles