കോഴിക്കോട് : മോഷണ ശ്രമം പ്രതിരോധിക്കുന്നതിനിടെ വയോധികയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട സംഭവത്തില്‍ പ്രതി കസ്റ്റഡിയിലെന്ന് സൂചന. മുംബൈ പന്‍വേലില്‍ വെച്ചാണ് അന്യസംസ്ഥാനക്കാരനായ പ്രതിയെ ആര്‍പിഎഫും റെയില്‍വേ പോലീസും ചേർന്ന് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ചണ്ഡീഗഢ്-കൊച്ചുവേളി കേരള സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസിലെ എസ്-1 സ്‌ളീപ്പര്‍ കോച്ചില്‍ നിന്നാണ് മോഷണശ്രമം തടയാന്‍ ശ്രമിച്ച തൃശ്ശൂര്‍ തലോര്‍ സ്വദേശിനി വൈക്കാടന്‍വീട്ടില്‍ അമ്മിണി ജോസിനെ (64) അക്രമി തള്ളിയിട്ടത്. രണ്ട് ട്രാക്കുകള്‍ക്കിടയിലെ കരിങ്കല്‍ക്കൂനയ്ക്ക് മുകളിലേക്ക് വീണ വയോധികയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. യാത്രക്കാരി വീണതിനുപിന്നാലെ മോഷ്ടാവ് തീവണ്ടിയില്‍ നിന്ന് ചാടി ഓടിരക്ഷപ്പെട്ടു.
പന്‍വേലില്‍നിന്ന് തൃശ്ശൂരിലേക്ക് സഹോദരന്‍ വര്‍ഗീസുമൊത്ത് (62) യാത്രചെയ്യുകയായിരുന്നു അമ്മിണി. കോഴിക്കോട് സ്റ്റേഷന് തെക്കുഭാഗത്ത് ഒരുകിലോമീറ്റര്‍ അകലെ വട്ടാംപൊയില്‍ റെയില്‍വേ ഗേറ്റിന് സമീപത്തെ ട്രാക്കിലേക്കാണ് അമ്മിണി തെറിച്ചുവീണത്. മോഷ്ടാവ് കവര്‍ന്ന ബാഗില്‍ എണ്ണായിരം രൂപയും മൊബൈല്‍ഫോണുമാണ് ഉണ്ടായിരുന്നത്.

