തിരുവനന്തപുരം : എസ്‌ഐആര്‍ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. എന്യുമറേഷന്‍ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെയാണ് സമയം നല്‍കിയത്. പൂരിപ്പിച്ച എന്യൂമറേഷൻ ഫോമിൽ 15 ശതമാനം കിട്ടിയിരുന്നില്ല. ശേഷിക്കുന്ന അഞ്ചുദിവസത്തിനകം ബാക്കി ഫോം തിരിച്ചുവാങ്ങുന്നതും ഡിജിറ്റൈസ് ചെയ്യുന്നതും അപ്രായോഗികമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗത്തിൽ രാഷ്ട്രീയപ്പാർട്ടികൾ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്യുമറേഷന്‍ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം നല്‍കിയത്.
കേരളം, തമിഴ്‌നാട് ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. കരടു വോട്ടര്‍പട്ടിക ഡിസംബര്‍ 16-ന് പുറത്തുവിടും. അന്തിമ വോട്ടര്‍പട്ടിക 2026 ഫെബ്രുവരി 14-നാണ് പുറത്തുവിടുക. 99.5% ഫോമും വിതരണം ചെയ്തെന്നും ബാക്കിയുള്ളവയുടെ വിതരണം ഉടൻ പൂർത്തിയാകുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ മറുപടി നൽകി. ബാക്കിയുള്ളവയും പൂരിപ്പിച്ച് ഉടൻ തിരികെക്കിട്ടും. ഇന്നലെ വരെ ഡിജിറ്റൈസ് ചെയ്തത് 75.35 ശതമാനമാണ്. ഡിജിറ്റൈസ് ചെയ്യാൻ പ്രയാസമുണ്ടെങ്കിൽ കമ്മിഷൻ സഹായിക്കുമെന്നും ഫോം നൽകാൻ നാലുവരെ കാത്തിരിക്കരുതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

