ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടുമോഷണവും വോട്ടർപട്ടികയിൽ ക്രമേക്കേടുകളും നടന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. രാഹുൽ പരാതികൾ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കുകയോ അല്ലാത്തപക്ഷം രാജ്യത്തോട് മാപ്പ് അപേക്ഷിക്കുകയോ ചെയ്യണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കർണാടകയിലെയും മഹാരാഷ്ട്രയിലെയും ചീഫ് ഇലക്ഷൻ ഓഫീസർമാർ ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ഉൾപ്പെട്ട കത്ത് രാഹുലിന് അയക്കുകയും ആവശ്യമായ നടപടികൾ ആരംഭിക്കുന്നതിനായി ഇത് ഒപ്പിട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
“രാഹുൽഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങൾ സത്യമാണെന്ന് വിശ്വസിക്കുന്നുവെങ്കിൽ സത്യവാങ്മൂലം നൽകുന്നതിന് അദ്ദേഹത്തിന് പ്രശ്നമുണ്ടാകാനിടയില്ല. അല്ലാത്തപക്ഷം അദ്ദേഹം തന്റെ വിശകലനങ്ങളിലും നിഗമനങ്ങളിലും അസംബന്ധമായ ആരോപണങ്ങളിലും വിശ്വസിക്കുന്നില്ല എന്നാണ്. അങ്ങനെയെങ്കിൽ അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണം. അദ്ദേഹത്തിന് മുന്നിൽ രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ സത്യവാങ്മൂലത്തിൽ ഒപ്പിടുക, അല്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അസംബന്ധമായ ആരോപണങ്ങൾ ഉന്നയിച്ചതിന് രാജ്യത്തോട് മാപ്പ് പറയുക.
രാഹുൽ ഗാന്ധി ഇതുവരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതികളൊന്നും നൽകിയിട്ടില്ല. കമ്മിഷൻ എന്ത് മറുപടി നൽകിയാലും ഓരോ തവണയും അദ്ദേഹം അത് തള്ളിപ്പറയുകയാണ്. ഡിസംബർ 24-ന് അദ്ദേഹം മഹാരാഷ്ട്ര വിഷയം ഉന്നയിച്ചു. പിന്നീട് എഐസിസിയിൽ നിന്ന് ഒരു അഭിഭാഷകൻ കമ്മിഷന് ഈ വിഷയത്തിൽ കത്തെഴുതി. ഡിസംബർ 24-ലെ കമ്മിഷന്റെ മറുപടി വെബ്സൈറ്റിലുണ്ട്. എന്നാൽ കമ്മിഷൻ ഒരിക്കലും മറുപടി നൽകിയിട്ടില്ലെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.- തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ വ്യക്തമാക്കി.
രാഹുൽ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചിരുന്നു.പത്രസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറാണ് രാഹുല്‍ഗാന്ധിക്ക് കത്തയച്ചത്.വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരായവരുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഇതിനായുള്ള സത്യവാങ്മൂലത്തിന്റെ മാതൃകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന് അയച്ചുനല്‍കി.

