Friday, December 19, 2025

ഒഡീഷയിലെ തെരഞ്ഞെടുപ്പ് തോൽവി ! രാഷ്ട്രീയം ഉപേക്ഷിച്ച് വി കെ പാണ്ഡ്യൻ

ഭുവനേശ്വർ : ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വിശ്വസ്തനായിരുന്ന വി.കെ. പാണ്ഡ്യൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. സംസ്ഥാനത്ത് ലോക്‌സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെഡിക്ക് കനത്ത തിരിച്ചടി കിട്ടിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന തീരുമാനത്തിലേക്ക് വി കെ പാണ്ഡ്യൻ കടന്നത്. നവീൻ പട്നായിക്കിന്റെ പകരക്കാരനാകും എന്നുപോലും വിലയിരുത്തപ്പെട്ടയാളായിരുന്നു വി കെ പാണ്ഡ്യൻ. സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെയാണ് പാണ്ഡ്യൻ തന്റെ തീരുമാനം അറിയിച്ചത്.

നവീൻ ബാബുവിനെ സഹായിക്കുക എന്നത് മാത്രമായിരുന്നു രാഷ്ട്രീയത്തിൽ ചേരുമ്പോൾ തന്റെ ഉദ്ദേശ്യമെന്നും ഇപ്പോൾ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് പാണ്ഡ്യൻ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് പാണ്ഡ്യൻ സിവിൽ സർവീസ് ഉപേക്ഷിച്ച് ബിജെഡിയിൽ ചേർന്നത്.

നേരത്തെ വി.കെ.പാണ്ഡ്യന്റെ ഭാര്യയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയുമായ സുജാത കാർത്തികേയൻ 6 മാസത്തെ അവധിയിൽ പ്രവേശിച്ചിരുന്നു. തെരഞ്ഞെടുപ്പിനിടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന ബിജെപിയുടെ പരാതിയിൽ മിഷൻ ശക്തിവകുപ്പിൽനിന്നു സുജാതയെ തെരഞ്ഞെടുപ്പു കമ്മിഷൻ സ്ഥലംമാറ്റിയിരുന്നു. മകളുടെ 10–ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ടാണ് സുജാത അവധി എടുത്തത് എന്നാണ് വിശദീകരണം.

Related Articles

Latest Articles