താജ് മഹലിനെ പ്രശംസിച്ച് ടെസ്‌ലയുടെ മേധാവി ഇലോൺ മസ്‌ക്കിന്റെ ട്വീറ്റ് അതിനു ലഭിച്ച മറുപടികൾ കൊണ്ട് ശ്രദ്ധേയമാവുകയാണ്. “ഇത് അതിശയകരമാണ്. 2007-ൽ ഞാൻ സന്ദർശിക്കുകയും താജ്മഹൽ കാണുകയും ചെയ്തു, അത് ശരിക്കും ലോകാത്ഭുതമാണ്” എന്നാണ് മസ്ക്ക് ട്വീറ്റ് ചെയ്തത്. തുടർന്ന് 1954-ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള യാത്രാമധ്യേ ആഗ്രയിലെ ലോക പൈതൃക സ്ഥലത്തേക്ക് പറന്നതിന്റെ ഓർമ്മകൾ മസ്‌ക്കിന്റെ അമ്മയും ട്വീറ്ററിൽ പങ്കുവച്ചു. പക്ഷെ നിരവധി ഇന്ത്യൻ ട്വീറ്റർ ഉപയോക്താക്കൾ നിരവധി ഇന്ത്യൻ വാസ്തുവിദ്യാ വിസ്മയങ്ങളുടെ ചിത്രങ്ങളടക്കം ട്വീറ്റ് ചെയ്ത് മസ്കിന് മറുപടിയുമായെത്തുകയായിരുന്നു. പൈതൃക സ്ഥലങ്ങളും, പുരാതനക്ഷേത്രങ്ങളും, കൊട്ടകളുമടക്കം പിന്നീട് ചിത്രങ്ങളായി വന്നുകൊണ്ടിരുന്നു. താജ് മഹലിനേക്കാൾ വിസ്മയകരവും പുരാതനവുമായ നിർമ്മിതികൾ ഇന്ത്യയിലുണ്ടെന്നും അറിയാൻ ശ്രമിക്കണമെന്നുമുള്ള സന്ദേശം ഇലോൺ മസ്കിനു നല്കുകയായിരിക്കും ട്വീറ്റുകൾക്ക് പിന്നിലെ ലക്‌ഷ്യം. കൊണാർക്കിലെയും മൊധേരയിലെയും സൂര്യക്ഷ്ത്രങ്ങളും, മഹാരാഷ്ട്രയിലെ കൈലാഷ് ക്ഷേത്രവും, തമിഴ്‌നാട്ടിലെ ശുചീന്ദ്രം ക്ഷേത്രവുമെല്ലാം ട്വീറ്റുകളായി മസ്കിനു മുന്നിലെത്തി.
താജ് മഹലിന്റെ വിസ്മയം പെരുപ്പിച്ച് കാട്ടിയതാണെന്നും ഭാരതത്തിൽ നിരവധി പുരാതന ക്ഷേത്രങ്ങളും പടിക്കിണറുകളുമുണ്ടെന്നും താങ്കളുടെ 2017 ലെ സന്ദർശനത്തിൽ അവയിലേതെങ്കിലും കൂടി കാണേണ്ടതായിരുന്നെന്നും ഒരു മറുപടി ട്വീറ്റിൽ പറയുന്നുണ്ട്. താജ് മഹൽ കാണാനായി ഒന്നുമില്ലെന്നും ഗുജറാത്തിലെ അക്ഷർധാം സന്ദർശിക്കാനും മസ്കിനെ ഉപദേശിക്കുന്ന ട്വീറ്റുകളുമുണ്ട്. ഒറ്റക്കല്ലിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ നിർമ്മിതിയായ എല്ലോറയിലെ കൈലാസ ക്ഷേത്രത്തെപ്പോലെ ഒന്ന് ലോകത്തെവിടെയെങ്കിലും ഇനി നിർമ്മിക്കാനാകുമോ എന്ന ചോദ്യവുമുയർന്നു. ഒൻപതാം നൂറ്റാണ്ടിനുമുമ്പ് നിർമ്മിക്കപ്പെട്ടു എന്ന് കരുതുന്ന ശുചീന്ദ്രം ക്ഷേത്രത്തിന്റെ അതിശയകരമായ ഗോപുരത്തിന്റെ ചിത്രവും ട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വാസ്തുവിദ്യാ അത്ഭുതങ്ങളായ ആയിരക്കണക്കിന് ക്ഷേത്രങ്ങളുണ്ട് ഭാരതത്തിൽ. ഇവയുടെയൊക്കെ മുന്നിൽ താജ്മഹൽ ഒന്നുമല്ലെന്ന് നിരവധിപേർ പ്രതികരിച്ചിട്ടുണ്ട്.

