സന്‍ഫ്രാന്‍സിസ്കോ: മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ പരാതിയും പരിഭവങ്ങളും അവസാനിക്കാതെ തുടരുകയാണ്.ട്വിറ്ററിലെ 50 ശതമാനം പേരെ പിരിച്ചുവിട്ടതിന് ശേഷം അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇതുവരെ ലഭിക്കാത്തതിലാണ് ജീവനക്കാരുടെ പുതിയ നടപടികൾ.പിരിച്ചുവിടപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും 3 മാസത്തെ ആനൂകൂല്യങ്ങള്‍ നൽകുമെന്ന് മസ്‌ക് നേരത്തെ അറിയിച്ചിരുന്നു. പിരിച്ചുവിടല്‍ നടന്നിട്ട് മാസങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും പിരിച്ചുവിട്ടവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് ട്വിറ്റര്‍ ഒരു വാക്കുപോലും പറഞ്ഞില്ലെന്നാണ് വിവരം. ഇതോടെ മസ്ക് വീണ്ടും നിയമ നടപടിയിലേക്ക് വലിച്ചിഴയ്ക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേ സമയം മുന്‍ ജീവനക്കാരുടെ യാത്രകള്‍ ബുക്ക് ചെയ്ത ട്രാവല്‍ എജന്‍സികള്‍, സോഫ്റ്റ്‌വെയർ സംബന്ധിച്ച പുറം കരാറുകള്‍ എടുത്ത കമ്പനികള്‍ എന്നിവ തങ്ങളുടെ ബില്ലുകള്‍ ട്വിറ്റര്‍ നല്‍കുന്നില്ല എന്ന് പറഞ്ഞ് ട്വിറ്ററിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ബോസ്റ്റണ്‍ ആസ്ഥാനമാക്കിയുള്ള തൊഴിലാളി തര്‍ക്ക പരിഹാര ഫോറത്തില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിട്ടുണ്ട് പല ട്വിറ്റര്‍ മുന്‍ ജീവനക്കാരും. ഫെഡറല്‍ ക്ലാസ് ആക്ഷന്‍ ലോ സ്യൂട്ടുകളും ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 100 ഓളം പരാതികള്‍ ട്വിറ്ററിനെതിരെ മുന്‍ ജീവനക്കാര്‍ ഫയല്‍ ചെയ്തുവെന്നാണ് വിവരം.

