ശ്രീനഗർ : ജമ്മുകശ്മീരിലെ കത്വയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ഹിരാനഗറിലെ അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള വനമേഖലയിൽ, ഭീകര സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരർ വെടിവയ്പ്പ് നടത്തിയത്. ഉടൻ തന്നെ സേന തിരിച്ചടിച്ചു. ജമ്മുകശ്മീർ പോലീസിന്റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പ്,സൈന്യം സിആർപിഎഫ് എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്.
ദുർഘടമായ വനമേഖല ആയതിനാൽ ഓപ്പറേഷൻ ശ്രമകരമാണെന്നാണ് വിവരം. വനത്തിലേക്ക് പിന്തിരിയാൻ ശ്രമിച്ച ഭീകരെ സുരക്ഷാ സേന പിന്തുടരുകയാണ്. മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ ഏഴ് വയസുള്ള കുട്ടിക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില തൃപ്തികരമാണ്.

