മെറിറ്റ് ഐലൻഡ് : എഞ്ചിൻ തകരാറിനെ തുടർന്ന് ചെറുവിമാനം ഫ്ലോറിഡയിലെ തിരക്കേറിയ ഇൻ്റർസ്റ്റേറ്റ്-95 (I-95) ഹൈവേയിൽ അടിയന്തര ലാൻഡിങ് നടത്തി. ഹൈവേയിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന കാറിന് മുകളിലേക്കാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 5:45-ഓടെ മെറിറ്റ് ഐലൻഡിന് സമീപമായിരുന്നു സംഭവം.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) നൽകിയ വിവരമനുസരിച്ച്, ഫിക്‌സഡ്-വിംഗ് ബീച്ച്ക്രാഫ്റ്റ് 55 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. എഞ്ചിൻ തകരാറുണ്ടെന്ന് പൈലറ്റ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഹൈവേയിൽ അടിയന്തരമായി ലാൻഡ് ചെയ്യാൻ ശ്രമിച്ചത്. തിരക്കേറിയ ഹൈവേയുടെ മധ്യത്തിലൂടെ വിമാനം താഴ്ന്നു വരുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അടിയന്തര ലാൻഡിങ്ങിനിടെ വിമാനം ഒരു 2023 മോഡൽ ടൊയോട്ട കാമ്രി വാഹനത്തെ ഇടിച്ചു. വിമാനം ഹൈവേയുടെ ഒരു ലൈനിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിൻ്റെ മുകളിലേക്ക് പതിക്കുകയും, പിന്നീട് റോഡിലൂടെ മുന്നോട്ട് നിരങ്ങി നീങ്ങി നിൽക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വിമാനത്തിലുണ്ടായിരുന്ന രണ്ട് പേർക്കും കാര്യമായ പരിക്കുകളില്ല. 27 വയസ്സുള്ള രണ്ട് യുവാക്കളാണ് വിമാനം പറത്തിയിരുന്നത്. ഒരാൾ ഓർലാൻഡോ സ്വദേശിയും മറ്റൊരാൾ ടെംപിൾ ടെറസ് സ്വദേശിയുമാണ്. ഇവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാർ യാത്രികയായ 57 വയസ്സുള്ള സ്ത്രീയെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ഇൻ്റർസ്റ്റേറ്റ്-95-ലെ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് പോലീസും രക്ഷാപ്രവർത്തകരും എത്തി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംഭവത്തെക്കുറിച്ച് FAA അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിലൂടെയും തിരക്കേറിയ റോഡിലൂടെയും വിമാനം താഴ്ന്നു വന്നത് ഭീതിയുളവാക്കിയെങ്കിലും വലിയ ദുരന്തം ഒഴിവായതിൻ്റെ ആശ്വാസത്തിലാണ് അധികൃതരും പ്രദേശവാസികളും. വിമാനത്തിന്റെ എൻജിൻ തകരാറിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്. ഹൈവേയിൽ പതിച്ച വിമാനം അവിടെ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളും പുരോഗമിക്കുന്നു.

