Sunday, December 14, 2025

ഹോൺ കേട്ട് പരിഭ്രാന്തയായി പാളം മാറിക്കയറി!! കടലുണ്ടിയിൽ ട്രെയിൻ തട്ടി എൻജിനിയറിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കടലുണ്ടി : ട്രെയിൻ തട്ടി എൻജിനിയറിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജി കോളേജ് വിദ്യാർത്ഥിനിയായ മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി ഒഴുകിൽ തട്ടയൂർമന ഒ.ടി സൂര്യ(20)യാണ് മരിച്ചത്. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാലോടെയായിരുന്നു സംഭവം.

കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ സൂര്യയെ മറ്റൊരു ട്രെയിൻ തട്ടുകയായിരുന്നു. കോയമ്പത്തൂർ ഫാസ്‌റ്റ് പാസഞ്ചർ വണ്ടിയിൽ വന്നിറങ്ങിയ സൂര്യ കടലുണ്ടി സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിന്റെ ഭാഗത്തേക്ക് നടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു. ട്രെയിനിൻ്റെ ഹോൺ കേട്ട് പരിഭ്രാന്തയായി പെൺകുട്ടി പാളം മാറിക്കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. സ്റ്റോപ്പില്ലാത്തതിനാൽ വേഗത്തിലെത്തിയ വണ്ടിയുടെ ഇടിയുടെ ആഘാതത്തിൽ ശരീരം തെറിച്ചു വീണു. എയ്‌ഡ്‌ പോസ്റ്റ് പോലീസും റെയിൽവേ അധികൃതരും നാട്ടുകാരും ചേർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചു.

അച്ഛൻ: ആനയറങ്ങാടി തട്ടയൂർ മന രാജേഷ് നമ്പൂതിരി. അമ്മ: പ്രതിഭ (മണ്ണൂർ സി.എം.എച്ച്.എസ് ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അദ്ധ്യാപിക), സഹോദരൻ: ആദിത്യൻ (രാമനാട്ടുകര സേവാമന്ദിരം പി.ബി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർത്ഥി ).

Related Articles

Latest Articles