Monday, December 22, 2025

‘കേരളത്തിലെ പൂജാദ്രവ്യങ്ങളുടെ പവിത്രത ഉറപ്പുവരുത്തണം’; നിർദ്ദേശവുമായി ജ്യോതിശ്ശാസ്ത്ര മണ്ഡലം

ഹരിപ്പാട്: തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ പശ്ചാത്തലത്തിൽ കേരളത്തിലെ പൂജാദ്രവ്യങ്ങളുടെ പവിത്രത ഉറപ്പുവരുത്തണമെന്ന നിർദ്ദേശവുമായി അഖിലകേരള ജ്യോതിശ്ശാസ്ത്ര മണ്ഡലം. വിവാദത്തിലായ എ. ആർ ഡയറി കമ്പനിയുടെ ഉപഭോക്താക്കളാണ് കേരളത്തിലെ മിൽമയും എന്ന വാർത്ത പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന നെയ്യ്, പാല്, തൈര് അടക്കമുള്ള ദ്രവ്യങ്ങളുടെ ശുദ്ധിയും പവിത്രതയും സർക്കാരും വിവിധ ദേവസ്വം ബോർഡുകളും ക്ഷേത്ര ഭരണ സമിതികളും ഭക്തസമൂഹവും ഉറപ്പുവരുത്താൻ പരിശ്രമിക്കണമെന്ന് അഖിലകേരള ജ്യോതിശ്ശാസ്ത്ര മണ്ഡലം സംസ്ഥാന സമിതി പ്രസ്താവനയിൽ പറഞ്ഞു.

നിവേദ്യം അടക്കം, പ്രാധാന്യമർഹിക്കുന്ന നിരവധി താന്ത്രിക കർമ്മങ്ങളുടെ ഭാഗമാകുന്ന ദ്രവ്യങ്ങളുടെ ശുദ്ധി ദേവതാ ചൈതന്യത്തെ സ്വാധീനിക്കുന്നതാണ്. അശുദ്ധമായ പദാർത്ഥങ്ങൾ ക്ഷേത്ര ശ്രീകോവിലികളിൽ എത്തിപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാവരും ഒരുമിച്ചു ശ്രമിക്കേണ്ടതാണ് എന്ന് പ്രസ്താവനയിൽ പറയുന്നു. അതോടൊപ്പം തന്നെ നിലവിൽ കേരളത്തിലെ ക്ഷേത്രങ്ങളിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന പുഷ്പങ്ങൾ, എണ്ണകൾ, കർപ്പൂരം, ചന്ദനത്തിരി മുതലായവയിലെ വിഷമയമായ രാസവസ്തുക്കൾ ഒഴിവാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ശബരിമല, ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിലെ പൂജാ സാധനങ്ങൾടെയും നിവേദ്യങ്ങളുടെയും പരിശുദ്ധി ഉറപ്പു വരുത്തണമെന്ന് ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ. കെ.ബാലകൃഷ്ണ വാര്യർ, വർക്കിംഗ് പ്രസിഡന്റ് ചെത്തല്ലൂർ വിജയകുമാർ ഗുപ്തൻ, ജനറൽ സെക്രട്ടറി ശ്രേയസ് നമ്പൂതിരി, സംഘടനാ സെക്രട്ടറി ജയകൃഷ്ണൻ വാര്യർ, ട്രഷറർ വി. ജെ രാജ് മോഹൻ എന്നിവർ പറഞ്ഞു.

Related Articles

Latest Articles