Sunday, December 14, 2025

ഇ പി ജയരാജന്‍ വധശ്രമക്കേസ് !കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ദില്ലി : എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍ വധശ്രമക്കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. കേസിൽ ഗൂഢാലോചനാ കുറ്റമായിരുന്നു കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്. എന്നാൽ, സുധാകരനെതിരേ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു . കെ സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നത്.

​ഗൂഢാലോചനയിൽ സുധാകരൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് കേരള പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതാണെന്നും ആയതിനാൽ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്നാണ് സർക്കാർ അപ്പീലിൽ ആവശ്യപ്പെടുന്നത്.

1995 ഏപ്രില്‍ 12-നാണ് ഇ.പി. ജയരാജനെതിരേ വധശ്രമം നടന്നത്. ചണ്ഡിഗഢില്‍നിന്ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തീവണ്ടിയില്‍ കേരളത്തിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം. രാവിലെ പത്തുമണിയോടെ ഇ.പി. ജയരാജന്‍ തീവണ്ടിയിലെ വാഷ് ബേസിനില്‍ മുഖംകഴുകുന്നതിനിടെ ഒന്നാംപ്രതിയായ വിക്രംചാലില്‍ ശശി വെടിയുതിര്‍ക്കുകയായിരുന്നു. ഇ.പി. ജയരാജന്റെ കഴുത്തിനാണ് വെടിയേറ്റത്. ശശിക്കുപുറമേ പേട്ട ദിനേശന്‍, ടി.പി. രാജീവന്‍, ബിജു, കെ. സുധാകരന്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. പ്രതികള്‍ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തിയെന്നും തുടര്‍ന്ന് ശശിയെയും ദിനേശനെയും ജയരാജനെ ആക്രമിക്കാന്‍ നിയോഗിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Related Articles

Latest Articles