രാജ്ഭവൻ (ഗോവ) : മിസോറാമിലെയും ഗോവയിലെയും ഗവർണർ എന്ന നിലയിൽ ആറു വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം പി.എസ്.ശ്രീധരൻ പിള്ള ഗോവ രാജ്ഭവനോട് വിട പറഞ്ഞു. രാജ്ഭവൻ ദർബാർ ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ,കേന്ദ്രമന്ത്രി ശ്രീപദ് നായിക്,ഗോവ സർവകലാശാല വൈസ് ചാൻസിലർ ഹരിലാൽ ബി മേനോൻ, ആത്മീയ നേതാക്കൾ, ജനപ്രതിനികൾ എന്നിവർ പങ്കെടുത്തു.
ഗവർണറുടെ സേച്ഛാ വിവേചനാധികാര ഫണ്ട് ഉപയോഗിച്ചുള്ള ധനസഹായ പദ്ധതികളുടെ അവസാന ഗഡുവിൻ്റെ വിതരണവും നടത്തി രാഷ്ട്രപതിയും കേന്ദ്ര സർക്കാരും തന്നെ ഏൽപ്പിച്ച ഏറെ ഉത്തരവാദപ്പെട്ട ചുമതല തനിക്ക് കഴിയുംവിധം ഭംഗിയായി നിർവ്വഹിച്ചു എന്ന ചാരിതാർത്ഥ്യത്തോടെയാണ് അദ്ദേഹം ഗോവയിൽ നിന്ന് വിട വാങ്ങിയത്.
2019 നവംബർ 5 ന് മിസോറമിൽ ഗവർണറായി അദ്ദേഹത്തെ നിയമിച്ചപ്പോൾ അവിടത്തെ പ്രതിപക്ഷ നേതാവ് ‘ മിസോറം ഹിന്ദു ഫണ്ടമെൻ്റലിസ്റ്റുകളുടെ ഡംബിങ്ങ് പ്ലേസ് അല്ല’ എന്ന് പറഞ്ഞിരുന്നു. എന്നാൽ മനുഷ്യർ തമ്മിലുള്ള പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും അടിയുറച്ച് വിശ്വസിക്കുന്ന ഒരാൾ എന്ന നിലയിൽ ശുഭപ്രതീക്ഷയുമായി അദ്ദേഹം മുന്നോട്ടുപോയി. ഭരണപക്ഷ , പ്രതിപക്ഷ ഭേദമില്ലാതെ ഏവരുമായും നല്ല ബന്ധം പുലർത്തി. അതിനുമപ്പുറം മിസോറമിലെ സാധാരണ ജനങ്ങളുമായി നിരന്തര സമ്പർക്കം പുലർത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു. മിസോറമിലെ കുഗ്രാമങ്ങളിലൂടെ കഴിയുന്നത്ര സഞ്ചരിച്ചു. മൊത്തം ജനസംഖ്യയുടെ നാല് ശതമാനം മാത്രമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി ആകെ ബജറ്റിൻ്റെ പത്ത് ശതമാനം വിനിയോഗിച്ച് അവരുടെ ജീവിത നിലവാരം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചു. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തി ഭരണ രംഗത്തുള്ള ഓരോ പ്രതിസന്ധിയും മറികടന്നു. അവരൊക്കെയുമായും വളരെ നല്ല സ്നേഹബന്ധവും ഉടലെടുത്തു. ഹിന്ദു ഫണ്ടമെൻ്റലിസ്റ്റ് എന്ന് വിളിച്ച ലാൽ തനോല അദ്ദേഹത്തിന് ഏറ്റവുമടുത്ത ഒരു ബന്ധുവിനെപ്പോലെയായി. പരസ്പരം വേദി പങ്കിടാതെ കഴിഞ്ഞിരുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അദ്ദേഹത്തിൻ്റെ പുസ്തക പ്രകാശനത്തിനും മറ്റു പരിപാടികൾക്കും ഒന്നിച്ചു പങ്കെടുത്തു.മിസോറാമിൽ നിന്നും പി എസ് ശ്രീധരൻ പിള്ളയ്ക്ക് ഗോവയിലേക്ക് ട്രാൻസ്ഫർ നൽകിയപ്പോൾ മിസോറാം രാജ്ഭവനിൽ ഭരണ പ്രതിപക്ഷഭേദമില്ലാതെ ഏവരും ചേർന്ന് നൽകിയ യാത്രയയപ്പ് വികാരനിർഭരമായിരുന്നു. തങ്ങൾക്ക് ലഭിച്ച ഏറ്റവും മികച്ച ഗവർണറാണ് പി എസ് ശ്രീധരൻപിള്ള എന്ന് പ്രതിപക്ഷ നേതാവ് തന്നെ തൻ്റെ പ്രസംഗത്തിൽ പറഞ്ഞത് ഏറെ ശ്രദ്ധേയമായി. കോവിഡും ക്വാറൻ്റൈൻ കാലവും ആയതിനാൽ മിസോറാമിന് വേണ്ടി പൂർണ്ണമായും താൻ ആഗ്രഹിച്ച രീതിയിൽ പ്രവർത്തിക്കാനായില്ല എന്ന നേരിയ വിഷമം അദ്ദേഹത്തിന് ഇപ്പോഴുമുണ്ട്. എന്നാൽ 2021 ജൂലൈ 15 ന് ഗോവയിൽ ഗവർണറായി എത്തിയതോടെ അത്തരം വിഷമങ്ങൾ പോയ്മറഞ്ഞു.
ജനകീയ ഗവർണർ എന്നാണ് ഗോവയിൽ അദ്ദേഹത്തിൻ്റെ വിളിപ്പേര് . അദ്ദേഹം എത്താത്തതായി ഒരൊറ്റ ഗ്രാമം പോലും ഗോവയിലില്ല എന്നറിയുമ്പോഴാണ് അദ്ദേഹത്തിന് എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിളിപ്പേര് കിട്ടിയത് എന്ന് മനസ്സിലാവും. ഗോവൻ ജനതയേയും അവിടത്തെ ഭൂമിശാസ്ത്രത്തേയും ഇത്രയും നന്നായി മനസ്സിലാക്കിയ ഒരു ഗവർണർ വേറെയില്ലെന്നാണ് ഗോവൻ ജനത സാക്ഷ്യപ്പെടുത്തുന്നത്. എല്ലാ വർഷവും തൻ്റെ വിവേചനാധികാര ഫണ്ടിൽ നിന്നുള്ള തുക മുഴുവനായും അദ്ദേഹം ഗോവയിലെ കാൻസർ, ഡയാലിസിസ് രോഗികൾക്കും അനാഥാലയങ്ങൾക്കും കിടപ്പുരോഗികൾക്കുമായി ചെലവഴിച്ചു. സാമ്പത്തിക സഹായം രോഗികൾക്ക് നേരിട്ട് നൽകുന്നതിനായി അദ്ദേഹം വിവിധ പേരുകളിലുള്ള യാത്രകൾ സംഘടിപ്പിച്ച് അവരുടെ ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചു. ഗോവ ഗ്രാമ സമ്പൂർണ്ണ യാത്ര, സൈമിക് ദയസ് യാത്ര, ദ്വീപ് പരിചയ് യാത്ര,ഗിരിറോഹൻ യാത്ര, കുശാൽ കല്യാൺ യാത്ര എന്നിങ്ങനെ അഞ്ച് യാത്രകളിലൂടെ ഗോവയിലെ ഗ്രാമങ്ങൾ, മരങ്ങൾ, ദ്വീപുകൾ, മലകൾ, വിവിധ മതങ്ങളുടെ ദേവാലയങ്ങൾ എന്നിവ അദ്ദേഹത്തിന് ഹൃദിസ്ഥമായി.
ഗവർണറുടെ വിവേചനാധികാര ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് അദ്ദേഹം നടപ്പാക്കിയ ധനസഹായ പദ്ധതി വഴി മൂവായിരം ഡയാലിസിസ്, കാൻസർ രോഗികൾക്കാണ് ഗുണമുണ്ടായത്. ഇന്ത്യയിലെ ഒരു രാജ്ഭവനിലും ഇത്തരമൊരു പദ്ധതിയില്ല. നൂറുപേർക്ക് എല്ലാ ദിവസവും രണ്ട് നേരം ഭക്ഷണം നൽകുന്ന രാജ്ഭവൻ അന്നദാൻ പദ്ധതി നടപ്പിലാക്കുക വഴി സമൂഹത്തിൻ്റെ ഏറ്റവും അടിത്തട്ടിലേക്ക് എത്തി ചേരാൻ ഗവർണർക്ക് കഴിഞ്ഞു. ഗോവയിലെ ഒരു സന്നദ്ധ സംഘടന വഴി നടപ്പിലാക്കിയ ഈ പദ്ധതിയിലേക്ക് തൻ്റെ പുസ്തക രചനയിൽ നിന്ന് ലഭിച്ച റോയൽറ്റി തുകയും സംഭാവനയായി അദ്ദേഹം നൽകി.
യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി രാജ്ഭവൻ നടപ്പാക്കിയ ‘ നയി പഹൽ ‘ പദ്ധതി വഴി ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള 25 യുവ എഴുത്തുകാരുടെ കൃതികളാണ് വെളിച്ചം കണ്ടത് . എഴുത്തിൽ മറ്റുള്ളവരുടെ രചനകളെ പ്രോൽസാഹിപ്പിക്കുന്നതിനൊപ്പം നിരന്തരം എഴുതാനും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും അദ്ദേഹം സമയം കണ്ടെത്തി.വൃക്ഷങ്ങളെ
ബോൺസായ് രീതിയിൽ വളർത്തുന്ന കല തങ്ങളുടേതാണെന്ന ജപ്പാൻകാരുടെ വാദത്തെ സംശയനിഴലിലാക്കാനും അത് പുരാതനമായ ഭാരതീയ കലയാണെന്ന സത്യം തെളിയിക്കാനും വേണ്ടി അദ്ദേഹം രചിച്ച ‘ വാമൻ വൃക്ഷകല ‘ എന്ന ഗ്രന്ഥം ഏറെ ശ്രദ്ധേയമായി. ഏറ്റവും ഒടുവിൽ അടിയന്തരാവസ്ഥയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിൻ്റേതായി പുറത്തുവന്ന രണ്ട് പുസ്തകങ്ങൾ (Democracy Enchained Nation Disgraced, Shah Commission: Echoes From a Buried Report) , അടക്കം ഇതിനകം 260 ൽ അധികം പുസ്തകങ്ങൾ വെളിച്ചം കണ്ടു. ഇംഗ്ലീഷിൽ ഇറങ്ങിയ ഈ രണ്ട് പുസ്തകങ്ങളും ഇപ്പോൾ വായനക്കാർക്കിടയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
രാജ്ഭവനിലും അദ്ദേഹം അനേകം പുതിയ പദ്ധതികൾ നടപ്പിലാക്കി. 1008 വാമൻ വൃക്ഷ കലാ ഉദ്യാൻ, ശ്വേത കപില ഗോശാല, ജാക്ക് ഫ്രൂട്ട് ഗാർഡൻ, റെഡ് സാൻ്റൽ ഉദ്യാൻ, വൃക്ഷായുർവേദ ചികിൽസ , ഭാരതീയ ആയുർവേദ ആചാര്യന്മാരായ ചരകൻ്റെയും ശുശ്രുതൻ്റെയും പ്രതിമകളുടെ സ്ഥാപനം തുടങ്ങിയവ അവയിൽ ചിലതു മാത്രം. കൂടാതെ
പരിതാപകരമായ നിലയിലായിരുന്ന ഗോവ സർവകലാശാലയെ ഉന്നതശ്രേണിയിലെത്തിക്കാനും നാക് അക്രഡിറ്റേഷനിൽ B++ ആയിരുന്ന അവസ്ഥ മാറ്റി A+ ശ്രേണിയിലെത്തിക്കാനും ഗവർണരുടെ ഇടപെടൽ മൂലം സാധിച്ചു. ഗോവയില തനത് ചിത്രകലയായ കാവി ആർട്സ് പുനരുദ്ധരിക്കാൻ സജീവ ശ്രമം നടത്തി. ഇതിനായി നാലു ദിവസം നീണ്ടുനിന്ന ശിൽപശാല നടത്തി.
കാലമെത്ര കഴിഞ്ഞാലും ഗോവൻ ജനത പി എസ് ശ്രീധരൻപിള്ളയെന്ന ഗവർണറെ മറക്കില്ല എന്ന് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് യാത്രയയപ്പ് വിരുന്നിൽ പറഞ്ഞത് ഒട്ടും ഭംഗിവാക്കല്ല.

