Monday, December 22, 2025

കുരങ്ങന്മാർ പോലും ഇങ്ങനെ പഴം തിന്നില്ല. !!!ചാമ്പ്യൻസ് ട്രോഫിയിൽ സെമി കാണാതെ പുറത്തായ പാക് ടീമിനെതിരെ കടുത്ത വിമർശനവുമായി മുൻ താരങ്ങൾ

ചാമ്പ്യൻസ് ട്രോഫിയിൽ സെമി ഫൈനൽ കാണാതെ പുറത്തായ പാകിസ്ഥാൻ ടീമിനെതിരെ കടുത്ത വിമർശനവുമായി മുൻ താരങ്ങൾ. കളിക്കിടെയുള്ള ടീമിന്റെ ഭക്ഷണരീതിയെ മുൻ നായകൻ വസീം അക്രം കുറ്റപ്പെടുത്തിയിരുന്നു.കളിക്കിടെ ചായക്കുള്ള ഇടവേളയിൽ പാക് ടീമിന് ഒരു പ്ലേറ്റ് നിറയെ വാഴപ്പഴമാണ് നൽകിയത്. കുരങ്ങൻമാർ പോലും ഇങ്ങനെ പഴം തിന്നില്ല. വസിം അക്രം പരിഹസിച്ചു.

“ഇതാണ് അവരുടെ ഭക്ഷണരീതി. ഇമ്രാൻഖാൻ ആയിരുന്നു ക്യാപ്റ്റനെങ്കിൽ, അപ്പോൾ അടി കിട്ടിയേനെ, കളിയുടെ വേഗത പല മടങ്ങ് വർധിച്ച കാലത്തും പാകിസ്ഥാൻ പുരാതന ക്രിക്കറ്റ് ആണ് കളിക്കുന്നത്. ഈ അവസ്ഥ മാറേണ്ടതുണ്ട്. കഠിനമായ ചുവടുവെപ്പുകൾ ആവശ്യമാണ്. ഭയമില്ലാത്ത, യുവരക്തങ്ങളെ ടീമിൽ എടുക്കണം. ആറോ ഏഴോ മാറ്റങ്ങളെങ്കിലും ടീമിൽ വരുത്തേണ്ടതുണ്ട്. അടുത്ത ആറുമാസം തോൽവിയായിരിക്കും ചിലപ്പോൾ ഫലം.”- വസിം അക്രം പറഞ്ഞു

പാകിസ്താനെ കുറിച്ച് സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അത് തന്റെ സമയം നഷ്ടപ്പെടുത്തുമെന്നുമായിരുന്നു മുൻ സൂപ്പർതാരം ഷോയ്ബ് അക്തറിന്റെ പ്രതികരണം. സച്ചിൻ ടെൻഡുൽക്കറായിരുന്നു വിരാട് കോഹ്ലിയുടെ ഹീറോയെന്നും എന്നാൽ ബാബർ അസം തെറ്റായ ഹീറോയെയാണ് ഇക്കാലമത്രയും പിന്തുടർന്നതെന്നും അക്തർ കുറ്റപ്പെടുത്തി. തുടക്കം മുതലേ ബാബർ ഒരു ഫ്രോഡായിരുന്നു എന്ന് വരെ ഷോയ്ബ് അക്തർ വിമർശിച്ചു.

ഈ 2025-ലും പാകിസ്താൻ എൺപതുകളിലെയും തൊണ്ണൂറുകളിലെയും ക്രിക്കറ്റാണ് കളിച്ചുകൊണ്ടിരിക്കുന്നതെന്നായിരുന്നു മുൻതാരം ഷാഹിദ് അഫ്രീദിയുടെ വിമർശനം. മറ്റു ടീമുകളൊക്കെ ഇക്കാര്യത്തിൽ വളരെ മുന്നോട്ടുപോയപ്പോൾ പാകിസ്താൻ ഏറെ പിറകോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളുടെ കളിയോടുള്ള സമീപനത്തെയും അഫ്രീദി വിമർശിച്ചു. ജയം നേടുക എന്നതല്ല പലരുടെയും ഉദ്ദേശമെന്നും വ്യക്തിഗത നേട്ടങ്ങൾക്കും ബാറ്റിംഗ് ആവറേജുകൾക്കുമാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധാരാളം ഡോട്ട് ബോളുകൾ കളിച്ചതും പാകിസ്താന് വിനയായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ടൂർണമെന്റിൽ ഇന്ത്യയും ന്യൂസിലൻഡും ഗ്രൂപ്പ് എയിൽ നിന്ന് സെമി ടിക്കറ്റെടുത്തപ്പോൾ ബംഗ്ലാദേശും ആതിഥേയരായ പാകിസ്താനും പുറത്താവുകയായിരുന്നു. ഇതോടെ അവശേഷിക്കുന്ന മത്സരങ്ങൾക്ക് കാണികൾ കയറുമോ എന്ന ആശങ്കയിലാണ് പാക് ക്രിക്കറ്റ് ബോർഡ്. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശുമായി ഒരു മത്സരമാണ് പാകിസ്ഥാന് ബാക്കിയുള്ളത്. ഇതിലൂടെ ഒരു ആശ്വാസ ജയം മാത്രമാണ് ആതിഥേയർ ലക്ഷ്യമിടുന്നത്.

Related Articles

Latest Articles