Monday, December 15, 2025

എല്ലാവരും വോട്ടുകൾ രേഖപ്പെടുത്തൂ, ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കുകൊള്ളു; മദ്ധ്യപ്രദേശിലേയും ഛത്തീസ്ഗഡിലേയും കന്നിവോട്ടർമാർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ദില്ലി: തെരഞ്ഞെടുപ്പ് ദിനത്തിൽ മദ്ധ്യപ്രദേശിലേയും ഛത്തീസ്ഗഡിലേയും കന്നി വോട്ടർമാർക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും വോട്ടുകൾ രേഖപ്പെടുത്തിക്കൊണ്ട് ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികൾ ആകണമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി വോട്ട് രേഖപ്പെടുത്തുന്ന എല്ലാവർക്കും ആശംസകൾ അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മദ്ധ്യപ്രദേശിൽ 230 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പും, ഛത്തീസ്ഗഡിൽ 70 സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പുമാണ് ഇന്ന് നടക്കുന്നത്. ഓരോ വ്യക്തികളും അവരുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

”ജനാധിപത്യത്തിലെ ഈ ഉത്സവം ആഘോഷമാക്കാൻ മദ്ധ്യപ്രദേശിൽ നിന്നുള്ള എല്ലാ വോട്ടർമാരും ആവേശത്തോടെ ഇതിൽ പങ്കെടുക്കുമെന്ന് ഉറപ്പുണ്ട്. ഈ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്ന എല്ലാ യുവാക്കൾക്കും ആശംസകൾ നേരുന്നുവെന്നും” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

18,800 പോളിംഗ് സ്റ്റേഷനുകളിലായാണ് ഛത്തീസ്ഗഡിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 958 സ്ഥാനാർത്ഥികളാണ് 70 സീറ്റുകളിലായി ജനവിധി തേടുന്നത്. ഈ മാസം ഏഴിനായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. മദ്ധ്യപ്രദേശിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ഇവിടെ വോട്ടെടുപ്പ് ആരംഭിച്ചു. 42,000ത്തോളം പോളിംഗ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തൊട്ടാകെ സജ്ജീകരിച്ചിരിക്കുന്നത്. 2500ലധികം സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഏറെ പ്രതീക്ഷയോടെയാണ് പാർട്ടികൾ ഈ തെഞ്ഞെടുപ്പിനെ നേരിടുന്നത്.

Related Articles

Latest Articles