ഇസ്ലാമാബാദ് : പഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനിടെ ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത ആയുധ ക്ഷാമമെന്ന് റിപ്പോർട്ട്. നിലവിലെ സ്ഥിതിയിൽ നാലു ദിവസത്തില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കാൻ പാകിസ്ഥാന് കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യ- യുക്രെയ്‌ൻ യുദ്ധത്തിൽ യുക്രെയ്‌ന് സ്വന്തം ശേഖരത്തിലെ ആയുധങ്ങൾ നൽകിയത് മൂലമാണ് പാകിസ്ഥാന്റെ പക്കൽ ആയുധങ്ങൾ ഇത്രയധികം കുറയാന്‍ കാരണമെന്നാണ് റിപ്പോർട്ട്. പാകിസ്താന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി (പി.ഒ.എഫ്) ആണ് പാക് സൈന്യത്തിന് ആവശ്യമായ പടക്കോപ്പുകള്‍ വിതരണം ചെയ്യുന്നത്. നിലവില്‍ യുക്രൈനുമായി നടത്തിയതുള്‍പ്പെടെയുള്ള ആയുധകരാര്‍ മൂലം ആവശ്യത്തിന് പടക്കോപ്പുകള്‍ സൈന്യത്തിന് ലഭ്യമാക്കാനുള്ള ശേഷി പി.ഒ.എഫിനില്ല. മാത്രമല്ല ആയുധോത്പാദനത്തില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്താതുമൂലം ഉത്പാദനത്തില്‍ പെട്ടെന്ന് വര്‍ധനവ് വരുത്താനുമാകില്ല.
ഇന്ത്യ ഉടനെ തന്നെ സൈനിക നടപടി തുടങ്ങുമെന്ന് പാകിസ്താനിലെ ഭരണനേതൃത്വത്തിലുള്ളവര്‍ പറഞ്ഞുകൊണ്ടേയിരിക്കുമ്പോഴാണ് ആയുധ സംഭരണത്തിലെ ദൗര്‍ബല്യം പുറത്തുവന്നത്. രൂക്ഷമായ സൈനിക നടപടിയാണ് നേരിടേണ്ടി വരുന്നതെങ്കില്‍ വെറും 96 മണിക്കൂര്‍ പിടിച്ചുനില്‍ക്കാന്‍ മാത്രമേ പാകിസ്താന് സാധിക്കു. മെയ് രണ്ടിന് ഇക്കാര്യം പാക് സൈനിക നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുമായി നീണ്ടുനില്‍ക്കുന്ന ഒരു യുദ്ധം നേരിടാനുള്ള ആയുധ ശേഷിയോ സാമ്പത്തിക ശേഷിയോ പാക് സൈന്യത്തിനില്ല എന്നതാണ് യാഥാർഥ്യം

