Tuesday, December 16, 2025

എക്‌സാലോജിക്, ഹർജിയിൽ ആവശ്യപ്പെട്ടത് എസ്എഫ്ഐഒ അന്വേഷണം തന്നെ റദ്ദാക്കാൻ !കൂടുതൽ വിവരങ്ങൾ പുറത്ത്

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് കർണ്ണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ച് കൊണ്ടുള്ള ഉത്തരവ് തന്നെ റദ്ദാകണമെന്നാണ് എക്സാലോജിക്ക് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും എക്സാലോജിക്ക് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കർണാടക ആസ്ഥാനമായുള്ള കമ്പനിയായതിനാലാണ് കർണാടക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. എസ്എഫ്ഐഒ ഡയറക്ടറും കേന്ദ്രസർക്കാരുമാണ് ഹർജിയിലെ എതിർകക്ഷികൾ.

മാസപ്പടി ആരോപണത്തിൽ അന്വേഷണ ഏജൻസി വീണയെ ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ രാവിലെയാണ് ഹർജി ഫയൽ ചെയ്തതെന്നാണ് വിവരം. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ ഇന്നലെ കെഎസ്ഐഡിസി കേരള ഹൈക്കോടതിയെയും സമീപിച്ചിരുന്നു. പരിശോധനയ്ക്ക് എത്തുമെന്നും ഇതിനു മുന്നോടിയായി വാർഷിക കണക്കുകൾ ഇമെയിലിൽ അയച്ചു നൽകണമെന്നും എസ്എഫ്ഐഒ ചൊവ്വാഴ്ച കെഎസ്ഐഡിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് അന്വേഷണത്തിനെതിരെ ഇന്നലെ കോടതിയെ സമീപിച്ചത്. എന്നാൽ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് എന്താണ് ഒളിച്ചുവയ്ക്കാനുള്ളതെന്നു ചോദിച്ച കോടതി സ്റ്റേ ആവശ്യം അനുവദിച്ചില്ല. . ജനുവരി 31നാണ് എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം എസ്എഫ്ഐഒയ്ക്ക് വിടാൻ കേന്ദ്ര സർക്കാര്‍ തീരുമാനിച്ചത്. സിഎംആർഎല്ലിന്റെ ഡയറക്ടർ ബോർഡിൽ കെഎസ്ഐഡിസി പ്രതിനിധിയും ഉണ്ട് എന്നതാണ് ഈ പൊതുമേഖലാ സ്ഥാപനത്തേയും അന്വേഷണ പരിധിയിൽ കൊണ്ടുവന്നത്.

വീണാ വിജയന് ചോദ്യം ചെയ്യാൻ ഏത് സമയവും എസ്എഫ്ഐഒ നോട്ടീസ് നൽകുമെന്ന സൂചനയുണ്ടായിരുന്നു. ആദായ നികുതി ഇൻട്രിംസെറ്റിൽമെൻ്റ് ബോർഡിൻ്റെ ഉത്തരവും ആർഒസിയുടെ ഗുരുതര കണ്ടെത്തലുകളും വന്നപ്പൊഴൊക്കെ എക്സാലോജിക്ക് മൗനത്തിലായിരുന്നു.

Related Articles

Latest Articles