Wednesday, December 17, 2025

ആവേശപ്പൂരം !!തൃശ്ശിവപേരൂരിനെ ആവേശത്തിലാഴ്ത്തി കുടമാറ്റം ആരംഭിച്ചു

തൃശൂര്‍: ജനസാഗരത്തെ ആവേശത്തിലാഴ്ത്തി തൃശൂര്‍ പൂരത്തിന്റെ കുടമാറ്റം ആരംഭിച്ചു. വൈകുന്നേരം 5.20 ഓടെയാണ് തെക്കേ ഗോപുര നടയ്ക്ക് മുന്നിൽ കുടമാറ്റം ആരംഭിച്ചത്. രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ് കുടമാറ്റം. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ വർണാഭമായ കുടകൾ പരസ്പരം ഉയർത്തി കാണിച്ചു മത്സരിക്കുന്നതാണു കുടമാറ്റം എന്ന് അറിയപ്പെടുന്നത്. ഓരോ കുട ഉയർത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയർത്തിയ ശേഷമേ അടുത്ത കുട ഉയർത്തുകയുള്ളു. തിടമ്പേറ്റിയ ആനയുടെ കുട മറ്റു14 ആനകൾക്ക് ഉയർത്തുന്ന കുടയേക്കാൾ വ്യത്യാസമുള്ളതായിരിക്കും.എല്ലാ വർഷവും വ്യത്യസ്തമായ കുടകൾ അവതരിപ്പിക്കാൻ രണ്ടു വിഭാഗവും ശ്രമിക്കാറുണ്ട്. ഇരു ഭാഗത്തുമായി മുപ്പതാനകളുടെ മുകളിലാണ് കുടമാറ്റം നടക്കുക. അലുക്കുകൾ തൂക്കിയത്, രണ്ടുനിലയുള്ളവ, അങ്ങനെ വൈവിധ്യമാർന്ന പലതരം കുടകളും ഇരുകൂട്ടരും പ്രദർശിപ്പിക്കും. മത്സരബുദ്ധിയോടെയാണ് കുടമാറ്റം ഇരു വിഭാഗക്കാരും അവതരിപ്പിക്കുക. ചെറിയ വെടിക്കെട്ടോടെ കുടമാറ്റം അവസാനിക്കുന്നു. ഇതോടെ പകൽപൂരം പൂർണമാവും.

നേരത്തെ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ ഇലഞ്ഞിത്തറ മേളം നടന്നിരുന്നു കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകൾക്ക് തുടക്കമായത്. രാവിലെ ഏഴരയോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളപ്പ് ആരംഭിച്ചു. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കുന്നാഥ സന്നിധിയിൽ എത്തിയതോടെ പൂരപ്രേമികൾക്ക് ആവേശമായി. പിന്നാലെ വിവിധ ഘടക പൂരങ്ങളും എത്തി.

തിരുവമ്പാടിയുടെ എഴുന്നള്ളത്ത് തെക്കേ മഠത്തിന് മുന്നിലെത്തിയതോടെ പ്രശസ്തമായ മഠത്തിൽ വരവ് പഞ്ചവാദ്യം തുടങ്ങി. കോങ്ങാട് മധുവായിരുന്നു മേള പ്രാമാണികൻ. പന്ത്രണ്ടരയോടെ ചെമ്പട കൊട്ടി പാറമേക്കാവ് ഭഗവതി പൂരത്തിനായി പുറപ്പെട്ടു. നാളെ പുലര്‍ച്ചെ മൂന്നുമണിക്കാണ് വെടിക്കെട്ട് നടക്കുക.

Related Articles

Latest Articles