Sunday, December 14, 2025

തലസ്ഥാനത്ത് മിന്നൽ പരിശോധന; പ്രമുഖ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. 57 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഇന്ന് രാവിലെയാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എട്ട് സ്ക്വാഡുകളായി തമ്പാനൂർ, കരമന, അട്ടക്കുളങ്ങര, പാളയം, ഓവർബ്രിഡ്ജ് ഭാഗത്തെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തിയത്. ചില ഹോട്ടലുകളിൽനിന്ന് ഒരാഴ്ചയോളം പഴക്കമുള്ള ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ദിവസങ്ങളോളം ഫ്രീസറിൽ സൂക്ഷിച്ച ചിക്കൻ വിഭവങ്ങളും ഫ്രൈഡ് റൈസും ഉൾപ്പെടെയുള്ളവയാണ് പിടികൂടിയത്. പല ഹോട്ടലുകളിലും കോഴിയിറച്ചി ശരിയായി വൃത്തിയാക്കാതെയാണ് പാചകം ചെയ്യുന്നതെന്നും കണ്ടെത്തി.

വൃത്തിഹീനമായ നിലയിൽ അടുക്കള പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെയും ഉദ്യോഗസ്ഥർ നടപടിയെടുത്തു. പരിശോധനകൾ ഇനിയും തുടരുമെന്നും കൃത്യമായ ഇടവേളകളിൽ ഇത്തരം പരിശോധനകൾ നടക്കുന്നതിനാൽ ഹോട്ടലുകളിലെ ശുചിത്വം മെച്ചപ്പെട്ടിട്ടുണ്ടെന്നുമാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി കെ പ്രശാന്ത് അറിയിച്ചു. ആദ്യഘട്ടത്തിൽ ഇവർക്കെതിരെ പിഴ ചുമത്തും. ആവർത്തിക്കുകയാണെങ്കിൽ പ്രവർത്തനാനുമതി റദ്ദാക്കും.

പങ്കജ്, ചിരാഗ്, ബുഹാരി, ബിസ്മി, ആര്യാസ്, എം.ആര്‍.എ. തുടങ്ങിയ പ്രമുഖ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തെന്നാണ് വിവരം. അതിനിടെ പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ അധികൃതർ പൊതു സ്ഥലത്ത് പ്രദർശിപ്പിച്ചു. ഇതിന്റെ വീഡിയോ മേയർ വികെ പ്രശാന്ത് പങ്കുവച്ചു. ഹോട്ടലുകളുടെ പേര് പറയാതെയായിരുന്നു പ്രശാന്തിന്റെ പരാമർശം.

Related Articles

Latest Articles