കഴിഞ്ഞ ദിവസം ആയിരക്കണക്കിന് പേജറുകള്‍ ഒരേ സമയം പൊട്ടിത്തെറിച്ച് ഹിസ്ബുള്ള തീവ്രാവാദികളുൾപ്പെടെ എട്ടോളം പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ലെബനനിൽ വീണ്ടും സ്ഫോടനം. ഇന്നലെ നടന്ന പേജർ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാരചടങ്ങുകൾക്കിടെയാണ് വീണ്ടും സ്ഫോടനങ്ങൾ നടന്നത്. ബയ്റുത്ത് നഗരത്തിൽ വാക്കിടോക്കികൾ അടക്കം പൊട്ടിത്തെറിച്ചിട്ടുണ്ട്. സ്ഫോടന വിവരം ഹിസ്ബുള്ള സ്ഥിരീകരിച്ചു. ഇന്ന് നടന്ന സ്‌ഫോടനത്തിൽ 9 പേർ മരിച്ചുവെന്നാണ് വിവരം.
ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ചാരസംഘടന മൊസാദ് ആണെന്നാണ് കരുതുന്നത്.ഇന്നലെ നടന്ന പേജർ സ്‌ഫോടനങ്ങൾക്ക് പിന്നിൽ മൊസാദാണെന്ന് ഹിസ്ബുള്ള ആരോപിച്ചിരുന്നു. ഇസ്രായേല്‍ അത് നിഷേധിച്ചിരുന്നില്ല.
മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ ശത്രുവിന് ലൊക്കേഷന്‍ കണ്ടെത്തി ആക്രമിക്കാന്‍ എളുപ്പമാകുമെന്ന് കരുതിയാണ് പഴയകാല പേജര്‍ യന്ത്രങ്ങള്‍ ഹിസ്ബുല്ല ഇപ്പോഴും ഉപയോഗിക്കുന്നത്. ഇസ്രയേല്‍ ട്രാക്ക് ചെയ്യുമെന്ന് പറഞ്ഞ് സെല്‍ഫോണുകളുപയോഗിക്കരുതെന്ന് സംഘാംഗങ്ങള്‍ക്ക് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാണ് പേജര്‍ ഉപയോഗം വ്യാപകമാകാനുള്ള കാരണം. ഇത് മനസ്സിലാക്കിയാണ് പേജറുകള്‍ തന്നെ പൊട്ടിത്തെറിപ്പിച്ചുള്ള സ്‌ഫോടന പരമ്പര മൊസാദ് ആസൂത്രണം ചെയ്തത് എന്നാണ് സൂചന.
ലെബനനില്‍ ഉടനീളം ഇന്നലെ ഉച്ചയോടെയുണ്ടായ പേജര്‍ സ്‌ഫോടനങ്ങളില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും 2800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്. സംഭവത്തില്‍ ഹിസ്ബുല്ലയുടെ ഉന്നതരടക്കം കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ആശുപത്രികളെല്ലാം പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞു.
ലെബനനിലെ ഇറാന്‍ അംബാസിഡര്‍ക്കും പേജര്‍ സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. അംബാസിഡറുടെ കണ്ണ് നഷ്ടമായെന്നും റിപ്പോർട്ടുണ്ട്. തായ്‌വാനിലെ ഗോള്‍ഡ് അപ്പോളോയില്‍ നിന്നാണ് ഹിസ്ബുള്ള പേജറുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. അവ ലെബനില്‍ എത്തുന്നതിന് മുമ്പാണ് ഈ തിരിമറി നടന്നതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
തായ്വാനില്‍ നിന്നുള്ള പേജറുകള്‍ ലെബനനില്‍ എത്തുന്നതിന് മുമ്പ് ഇസ്രായേല്‍ തടഞ്ഞിരിക്കാമെന്നും ഓരോ പേജറിലെയും ബാറ്ററിയ്ക്ക് സമീപം മൂന്ന് ഗ്രാം വീതം സ്ഫോടക വസ്തുക്കള്‍ നിറച്ചിരിക്കാമെന്നും ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

