ദില്ലി: ആഭ്യന്തര വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ തുടർക്കഥയായ സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെ രൂക്ഷമായി വിമർശിച്ചു. ബോംബ് ഭീഷണികളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഭൂരിഭാഗവും എക്‌സ് അക്കൗണ്ടുകളിലൂടെയാണെത്തിയതെന്നും, ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ എക്‌സ് പരാജയപ്പെട്ടുവെന്നും കേന്ദ്രം കുറ്റപ്പെടുത്തി.
ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം എക്‌സ്, മെറ്റ പ്ലാറ്റ്‌ഫോമുകളുമായി നടത്തിയ വിർച്വൽ മീറ്റിംഗിൽ ആയിരുന്നു കേന്ദ്രം വിമർശനം ഉന്നയിച്ചത്. അന്വേഷണ ഏജൻസികൾ 11 എക്‌സ് അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും, ബന്ധപ്പെട്ടവരെ കണ്ടെത്താൻ ഇനിയും പരിശ്രമിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.
ഒരു ദിവസത്തിനുള്ളിൽ തന്നെ 13 വ്യാജ ബോംബ് ഭീഷണികൾ ലഭിച്ച സാഹചര്യത്തിൽ, നിയമപരമായ കർശന നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഭീഷണി പ്രസ്താവിക്കുന്നവർക്കെതിരെ ജീവപര്യന്തം തടവ് ശിക്ഷ ഏർപ്പെടുത്താൻ നിയമ ഭേദഗതികൾ കൊണ്ടുവരാനും, കുറ്റവാളികളെ ‘നോ ഫ്‌ളൈ’ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും സർക്കാർ വ്യക്തമാക്കി.

