ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യൂട്യൂബറായ വ്യാജ സിദ്ധന്‍ അറസ്റ്റിൽ . മലപ്പുറം കാളികാവ് ഉദിരംപൊയിൽ സ്വദേശി സജിൽ ഷറഫുദ്ദീനെയാണ് നെടുമങ്ങാട് നിന്നും കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ‘മിറാക്കിൾ പാത്ത്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് ഇയാൾ .താൻ മഹ്ദി ഇമാം ആണ് എന്ന് അവകാശപ്പെട്ടാണ് ഇയാൾ മിറാക്കിൾ പാത്ത് എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്നത്. ശൈഖുനാ സജിൽ ചെറുപാണക്കാട് എന്ന പേരിൽ ആയിരുന്നു ഇയാളുടെ തട്ടിപ്പ്.
കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന പരാതിക്കാരിയെ പ്രതി യൂട്യൂബ് ചാനലിലൂടെയാണ് പരിചയപ്പെട്ടത്. ആഭിചാരക്രിയകൾ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ച് ബന്ധം സ്ഥാപിച്ച ശേഷം പരാതിക്കാരി താമസിക്കുന്ന കോർട്ടേഴ്സിലേക്ക് അതിക്രമിച്ച് കടന്നാണ് പ്രതി പീഡിപ്പിച്ചത് .
ഒക്ടോബർ 24ന് കല്പകഞ്ചേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സമാനമായ കേസിലും ഇയാൾ പ്രതിയാണ്. കൊളത്തൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത് അറിഞ്ഞ് പ്രതി ഒളിവിൽ പോയിരുന്നു.

