പത്തനംതിട്ട: കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രേരണാകുറ്റം ചുമത്തപ്പെട്ട സിപിഎം നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തള്ളിയതിന് പിന്നാലെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് സൂചന നൽകി നവീൻ ബാബുവിന്റെ കുടുംബം. പാർട്ടിയോട് ഒന്നും പറയാനില്ലെന്നും രാഷ്ട്രീയ പോരാട്ടത്തിനല്ല നിയമ പോരാട്ടത്തിനാണ് മുൻതൂക്കം നൽകുന്നതെന്നും സഹോദരൻ പ്രവീൺ ബാബു വെളിപ്പെടുത്തി. നീതിക്കായി ഏതറ്റംവരെയും പോകുമെന്നും പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടേത് ബിനാമി ഇടപാടുകളാണെന്നു സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ ജീവിതം നശിപ്പിച്ച പി പി ദിവ്യയെ പോലീസ് എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പോലീസ് നീതി കാട്ടിയില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും പ്രതികരിച്ചു. ഇതാദ്യമായിട്ടാണ് കുടുംബത്തിന്റെ പ്രതികരണം ഉണ്ടാകുന്നത്. പോസ്റ്റ് മോർട്ടം നടപടികളിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. സത്യസന്ധനും കാര്യക്ഷമതയുമുള്ള ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്നും. തഹസിൽദാർ എന്ന നിലയിൽ താൻ പലപ്പോഴും അദ്ദേഹത്തിൽ നിന്ന് ഉപദേശങ്ങൾ തേടിയിരുന്നുവെന്നും മഞ്ജുഷ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ഉയരുകയാണ്.
ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളികൊണ്ട് വിധി പറഞ്ഞത്. ഒളിവിൽ കഴിയുന്ന ദിവ്യയ്ക്ക് കോടതിയിൽ കീഴടങ്ങുകയോ അറസ്റ്റ് വരുകയോ ചെയ്യാം. മേൽക്കോടതിയിൽ അപ്പീൽ നൽകി ഒളിവിൽ തുടരാനും ദിവ്യ മടിച്ചേക്കില്ല. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം എന്ന് പരസ്യ നിലപാട് സ്വീകരിക്കുമ്പോഴും പാർട്ടി പ്രതിയായ ദിവ്യയ്ക്ക് സംരക്ഷണം ഒരുക്കി എന്ന് തെളിഞ്ഞിരിക്കുകയാണ്. പാർട്ടി അനുഭാവികളായ കുടുംബമാണ് നവീൻ ബാബുവിന്റേത് എന്നത് കൊണ്ടുതന്നെ നിയമപോരാട്ടത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ രാഷ്ട്രീയ സമ്മർദ്ദം കുടുംബത്തിന് മേൽ ഉണ്ടായിരുന്നു. എന്നാൽ ആ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല എന്ന് തന്നെയാണ് ഇന്ന് നവീൻ ബാബുവിന്റെ കുടുംബം വ്യക്തമാക്കുന്നത്.

