Sunday, December 14, 2025

കുടുംബ പ്രശ്‌നം ! വർക്കലയിൽ അച്ഛന്‍ തീകൊളുത്തിയ അമ്മയും മകനും ചികിത്സയിലിരിക്കെ മരിച്ചു

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് അച്ഛന്‍ തീകൊളുത്തിയ മകനും അമ്മയും ചികിത്സയിലിരിക്കെ മരിച്ചു. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിന്ദു (42),മകൻ അമല്‍ രാജ് (18) എന്നിവരാണ് മരിച്ചത്. അമല്‍ രാജിനെയും അമ്മ ബിന്ദു വിനെയും ഇന്നലെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിന്ദുവിനേയും മകന്‍ അമല്‍രാജിനെയും ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ​ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഇരുവരെയും തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ രാജേന്ദ്രൻ ഇന്നലെ മരിച്ചിരുന്നു.

ഊന്നിന്‍മൂട് ചെമ്പകശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അമല്‍. കുടുബപ്രശ്‌നങ്ങളെ തുടർന്ന് രാജേന്ദ്രനും ഭാര്യയും കഴിഞ്ഞ ഏതാനും മാസങ്ങളായി അകന്നു കഴിയുകയായിരുന്നു. ബിന്ദു തന്റെ സാധനങ്ങൾ എടുക്കാനായി മകനെയും മകളെയും കൂട്ടി വൈകീട്ട് രാജേന്ദ്രന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. വാക്കുതർക്കത്തിനിടയിൽ രാജേന്ദ്രൻ വീട്ടിൽ കരുതിയിരുന്ന ദ്രാവകം ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ സമയം മകൾ വീടിന് പുറത്തുനിൽക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും രാജേന്ദ്രൻ പൊള്ളലേറ്റ് മരിച്ചിരുന്നു. അയിരൂർ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

പെയിന്റിങ് തൊഴിലാളിയായ രാജേന്ദ്രൻ വീട്ടിൽ സൂക്ഷിച്ചിരുന്ന തിന്നർ ഉപയോഗിച്ചാകും തീകൊളുത്തിയതെന്നാണ് പോലീസ് നിഗമനം. ഫൊറൻസിക് പരിശോധനാ ഫലങ്ങൾക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

Related Articles

Latest Articles