പാരീസ്: ഫിഫ ലോകകപ്പ് 2022ന്റെ ഫൈനൽപരാജയത്തിനു പിന്നാലെ തലസ്ഥാനമായ പാരീസിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.ലോകകിരീടം നിലനിർത്താൻ പോരാടിയ ഫ്രാൻസ് പരാജയപ്പെട്ടതോടെ നിരാശരായ പൗരന്മാർ തെരുവിലറങ്ങി അമർഷം പ്രകടിപ്പിച്ചതാണ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്.
ലോകകപ്പ് നഷ്ടപ്പെട്ടാൽ വൻ പ്രതിഷേധവുമായി ജനങ്ങൾ എത്തുമെന്ന് മുൻകൂട്ടി കണ്ടിരുന്ന ഫ്രഞ്ച് പോലീസ് വൻ സന്നാഹവുമായാണ് തെരുവുകളിൽ കാവൽ നിന്നിരുന്നത്. പാരീസിൽ ഉൾപ്പെടെ എല്ലാ പ്രധാന ഫ്രഞ്ച് നഗരങ്ങളിലും ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിവിധ നഗരങ്ങളിൽ പോലീസിന്റെ പട്രോളിങ് തുടങ്ങി. എന്നാൽ ഫൈനൽ മത്സരം അവസാനിച്ചതോടെ കലാപ സമാനമായ സാഹചര്യം പാരീസിൽ ഉടലെടുക്കുകയായിരുന്നു.
നിരാശരായ ആരാധകരെ നിയന്ത്രിക്കാൻ ഫ്രഞ്ച് പോലീസിന് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നു. നിയമനിർമ്മാതാക്കളുടെ വസതിക്ക് നേരെ പടക്കങ്ങൾ ഉൾപ്പെടെ പ്രതിഷേധക്കാർ എറിഞ്ഞു. അക്രമകാരികളായി മാറിയ ജനങ്ങൾ പോലീസുമായി ഏറ്റുമുട്ടി. ഒടുവിൽ ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

