പാലക്കാട് : സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. അയിലൂർ കയ്പ്പഞ്ചേരി സ്വദേശി സോമനാണ് ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് സോമനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ ബന്ധുക്കൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. നഷ്ടത്തെ തുടർന്ന് മാനഹാനിയുണ്ടായതായും അതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നും കുറിപ്പിൽ പറയുന്നു. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും നെൽ കൃഷി ചെയ്ത് വരുകയായിരുന്നു സോമന്‍. കൃഷി നഷ്ടത്തിലായതോടെ വായ്പ അടവിൽ മുടക്കം വന്നിരുന്നു. അതേസമയം, ഇതിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മെമ്പറെ സോമൻ സമീപിച്ചെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ല.

