വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ വീണ്ടും മരണം. സുല്‍ത്താന്‍ബത്തേരി കല്ലൂര്‍ കല്ലുമുക്കില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ കല്ലൂര്‍ മാറോട് സ്വദേശിയായ കർഷകൻ രാജു(52)വാണ് മരിച്ചത്. ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കൃഷിയിടത്തില്‍നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു രാജുവിനുനേരെ കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. വയലിന് സമീപത്തുനിന്നിരുന്ന കാട്ടാന പെട്ടെന്ന് രാജുവിനുനേരേ പാഞ്ഞെടുക്കുകയും ആക്രമിക്കുകയായിരുന്നു. രാജുവിന്റെ വയറിനും കാലുകള്‍ക്കുമാണ് പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജുവിന് തിങ്കളാഴ്ച രാവിലെ ശസ്ത്രക്രിയ നടത്തിയിരുന്നു.

