Tuesday, December 16, 2025

ഇനി അതിവേഗം ബഹുദൂരം ! മൂന്ന് മിനിറ്റിൽ 160 കിലോമീറ്റർ വേഗത ; അമ്പരപ്പിക്കുന്ന സൗകര്യങ്ങളുമായി പുതിയ വന്ദേഭാരത്

മുംബൈ : അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മോഡൽ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. മുംബൈ -അഹമ്മദാബാദ് റൂട്ടിലേക്കുള്ള മൂന്നാമത്തെ സർവീസിനാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വന്ദേഭാരത് എത്തുന്നത്. യാത്രക്കാർക്ക് സുഖകരവും സുഗമവുമായ യാത്ര വാഗ്ദാനം ചെയ്യുന്നതായിരിക്കും പുതിയ വന്ദേഭാരത് എന്നാണ് പുറത്തുവരുന്ന വിവരം.

പഴയതിൽ നിന്നും മെച്ചപ്പെട്ട സീറ്റുകളായിരിക്കും പുതിയ വന്ദേഭാരത്തിൽ ഉണ്ടാകുക. കൂടാതെ, ആദ്യത്തെ വന്ദേഭാരതിനേക്കാൾ വേഗത്തിൽ പുതിയ പതിപ്പിന് സഞ്ചരിക്കാൻ സാധിക്കും. പുതിയ വന്ദേഭാരത് എക്സ്പ്രസിന് മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ 140 സെക്കൻഡ് അല്ലെങ്കിൽ 3 മിനിറ്റിന് മതിയാവും. അതുകൊണ്ട് തന്നെ യാത്രാ സമയത്തിൽ ഗണ്യമായി കുറവ് ഇതുവഴി വരുത്താൻ സാധിക്കുന്നു.

ചെന്നൈയിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് പുതിയ വന്ദേഭാരത് നിർമ്മിക്കുന്നത്. പുതിയ മോഡൽ വന്ദേഭാരത് മുംബൈ – അഹമ്മദാബാദ് റൂട്ടിൽ ഓടിയെത്താൻ അഞ്ച് മണിക്കൂറും 25 മിനിറ്റും മതിയാവും. നേരത്തെ സർവീസ് നടത്തുന്ന വന്ദേഭാരതിനേക്കാൾ 45 മിനിറ്റ് കുറവാണിത്. ആഴ്ചയിൽ ആറ് ദിവസവും ഈ റൂട്ടിൽ വന്ദേഭാരത് സർവീസ് നടത്തുന്നുണ്ട്. അതേസമയം, പുതിയ വന്ദേഭാരത് സർവീസ് നടത്തുന്ന തീയതി റെയിൽവെ ഇതുവരെ അറിയിച്ചിട്ടില്ല. പരീക്ഷണ ഓട്ടം വിജയകരമായി നടത്തിയതിന് ശേഷം സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവെ വൃത്തങ്ങൾ നൽകുന്ന വിവരം.

Related Articles

Latest Articles