തൃശൂർ: ഒന്നര വയസുള്ള പെൺകുഞ്ഞിനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് അച്ഛന്റെ പരാതി. തൃശ്ശൂർ കൊടുങ്ങല്ലൂരിലാണ് കുഞ്ഞിന്റെ അച്ഛൻ പോലീസിൽ നൽകിയ പരാതി. പരാതിയിൽ കേസെടുത്തതിന് പിന്നാലെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. പാലുകുടി പോലും മാറാത്ത കുഞ്ഞിന്റെ അമ്മയ്ക്കെതിരായ പരാതിയിൽ കേസെടുത്ത പോലീസിനോട് രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്.
അമ്മയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി,കേസ് വ്യാജമാണെന്ന് തെളിഞ്ഞാൽ അച്ഛനെതിരെ കർശന നടപടി എടുക്കണമെന്നും നിർദേശിച്ചു. മുലകുടി മാറാത്ത കുഞ്ഞിനെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത പോലീസ് നടപടിയിൽ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. തുടര്‍ന്ന് കേസിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പൊലീസിന് നിര്‍ദേശം നൽകി. വൈവാഹിക തർക്കം നാടിന് നാണക്കേടുണ്ടാക്കുന്ന തരത്തിലായെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരിയും ഭർത്താവും തമ്മിൽ വൈവാഹിക തർക്കത്തിന് പുറമെ കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച കേസും നിലവിലുണ്ട്. ഇതിനിടയിലാണ് കുഞ്ഞിന് നേരെ യുവതിയിൽ നിന്ന് ലൈംഗികാതിക്രമം ഉണ്ടായെന്ന് ഭർത്താവ് പരാതി നൽകിയത്.

