ഫരീദാബാദിൽ സ്ത്രീധന പീഡനത്തിന് പിന്നാലെ യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. യുവതിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുന്നതിന് മുൻപ് ഭർതൃപിതാവ് ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. യുവതിയുടെ ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരിയുമാണ് കൊലയ്ക്ക് ഒത്താശ ചെയ്തത്. കേസിൽ യുവതിയുടെ ഭർത്താവ് അരുൺ സിംഗ് പിടിയിലാകാനുണ്ട്. മുഖ്യപ്രതിയായ ഭർതൃ പിതാവ് ഭൂപ് സിംഗിനെ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങി.
24-കാരിയായ ഉത്തർപ്രദേശിലെ ഫിറോസാബാദ് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. നേരത്തെ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി കൊല നടന്ന ദിവസം പെൺകുട്ടിയുടെ അമ്മയെ പ്രതികൾ ഒരു വിവാഹത്തിനായി പറഞ്ഞയച്ചിരുന്നു. ശേഷം ഭർത്താവ് ആഹാരത്തിൽ ഉറക്ക ഗുളികൾ കലർത്തി ഭാര്യക്കും സഹോദരിക്കും നൽകി.
ബോധരഹിതയായിരുന്ന യുവതിയെ കൊലപ്പെടുത്താൻ മുറിയിൽ കയറിയ ഭർതൃപിതാവ് യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും ശേഷം ദുപ്പട്ട ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നു . എന്നാൽ പീഡന വിവരം മകനോടോ ഭാര്യയോടോ പറഞ്ഞില്ല. ശേഷം മകനെ മുകളിലക്ക് വിളിച്ച് മൃതദേഹം പൊതിഞ്ഞ് വീടിന് മുന്നിലെ റോഡിലെടുത്തിരുന്ന വലിയ കുഴിയിലിട്ട് മൂടുകയായിരുന്നു. കോൺക്രീറ്റ് സ്ലാബുകളും ഇതിന് മുകളിലിട്ടു. സ്വീവേജിന് വേണ്ടിയാണ് കുഴിയെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞിരുന്നത്.തുടർന്ന് 25-ാം തീയതിയാണ് യുവതിയെ കാണാനില്ലെന്ന് കാട്ടി ഭർത്താവിന്റെ കുടുംബം പരാതി നൽകുന്നത്. തഹസിദാറിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

