ബെംഗളൂരു : ഇതര ജാതിക്കാരനായ യുവാവുമായി പ്രണയബന്ധം പുലർത്തിയതിന് ഇരുപതുകാരിയായ മകളെ പിതാവ് കഴുത്തുഞെരിച്ചു കൊന്നു. കൊലപാതക വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ കാമുകന്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. കർണാടകയിലെ കെജിഎഫിലെ ബംഗാര്‍പേട്ട് സ്വദേശിയായ കൃഷ്ണമൂര്‍ത്തിയാണ് മകളായ കീര്‍ത്തിയെ കൊലപ്പെടുത്തിയത്. ഇതര ജാതിക്കാരനായ ഗംഗാധര്‍ എന്ന യുവാവുമായി കീര്‍ത്തിയുടെ പ്രണയ ബന്ധത്തെച്ചൊല്ലി കൃഷ്ണമൂര്‍ത്തി മകളുമായി നിരന്തരം വഴക്കടിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ ഗംഗാധറുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് കൃഷ്ണമൂര്‍ത്തി മകളോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് മകൾ തയ്യാറാകാതിരുന്നതോടെ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഇതിനിടെ കൃഷ്ണമൂര്‍ത്തി മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മകളുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം ഇയാൾ വീട്ടിലെ ഫാനില്‍ കെട്ടിത്തൂക്കി.
എന്നാൽ പെൺകുട്ടിയുടെ മരണത്തിൽ സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസ് കൃഷ്ണമൂര്‍ത്തിയെ ചോദ്യം ചെയ്‌തോടെയാണ് കൊലപാതകം പുറത്തുവന്നത്. കീര്‍ത്തി മരിച്ച വിവരം അറിഞ്ഞതോടെ കാമുകനായ ഗംഗാധര്‍ ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കി. കേസിൽ കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

