Tuesday, May 14, 2024
spot_img

ആദ്യമായി എംഎൽഎ ആയപ്പോൾ സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലുമില്ലായിരുന്നു; അമ്മ തനിക്ക് ഇപ്പോഴും പണം തരാറുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുമായി കണ്ടു മുട്ടിയപ്പോഴൊക്കെ ആദ്യമുണ്ടായ സംഭാഷണം തന്റെ ഉറക്കത്തെക്കുറിച്ചാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദിവസത്തില്‍ ഏതാനും മണിക്കൂര്‍ മാത്രം ഉറങ്ങുന്ന തന്റെ ശീലം അദ്ദേഹത്തില്‍ അത്ഭുതമുണ്ടാക്കിയതായും നരേന്ദ്രമോദി പറഞ്ഞു. ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. എപ്പോഴൊക്കെ ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുണ്ടോ അപ്പോഴൊക്കെ ഒബാമ ഇക്കാര്യം ചോദിക്കും. മാത്രല്ല, കൂടുതല്‍ സമയം ഉറങ്ങണമെന്ന അദ്ദേഹത്തിന്റെ ഉപദേശം നടപ്പാക്കുന്നുണ്ടോ എന്ന് ആരായുകയും ചെയ്യും. എന്നാല്‍ ദിവസം 3-4 മണിക്കൂറില്‍ കൂടുതല്‍ ഉറക്കം തന്റെ ശരീരത്തിന് ആവശ്യമില്ല- മോദി അഭിമുഖത്തില്‍ പറയുന്നു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും ഗുലാം നബി ആസാദുമായും നല്ല ബന്ധമാണുള്ളത്. മമതാ ബാനര്‍ജി തനിക്ക് എല്ലാ വര്‍ഷവും കുര്‍ത്ത സമ്മാനമായി നല്‍കാറുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തനിക്ക് ബംഗാളി പലഹാരങ്ങള്‍ കൊടുത്തയയ്ക്കാറുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ മമതയും അത്തരം പലഹാരങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി. തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇത് പറയുന്നത് തന്നെ ബാധിക്കുമെങ്കിലും ഇക്കാര്യം പറയാന്‍ തനിക്ക് മടിയില്ലെന്നും മോദി പറഞ്ഞു. തന്റെ കുടുംബാംഗങ്ങളുമൊത്ത് വളരെക്കുറച്ച് സമയം മാത്രമേ ജീവിതത്തില്‍ ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും മോദി അഭിമുഖത്തില്‍ പറയുന്നുണ്ട്. അമ്മയ്ക്കും സഹോദരങ്ങള്‍ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമുള്ള ജീവിതം വളരെ ചെറുപ്പത്തില്‍ത്തന്നെ തനിക്ക് നഷ്ടപ്പെട്ടു. തനിക്കൊപ്പം ചെലവഴിച്ച് സമയം നഷ്ടപ്പെടുത്തുന്നത് എന്തിനെന്ന് അമ്മ ചോദിക്കാറുണ്ടെന്നും മോദി പറയുന്നു.

ഒരു പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. തന്റേതുപോലുള്ള പശ്ചാത്തലത്തില്‍നിന്നു വരുന്നവര്‍ക്ക് അത്തരം സ്വപ്‌നങ്ങള്‍ അസാധ്യമായിരുന്നു. 1962 ലെ യുദ്ധത്തിനായി മെഹ്‌സാന സ്റ്റേഷനില്‍നിന്ന് പട്ടാളക്കാര്‍ തീവണ്ടിയില്‍ കയറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആ പട്ടാളക്കാരുടെ ത്യാഗം തനിക്ക് വലിയ പ്രചോദനമാണ് നല്‍കിയതെന്നും ഒരു പട്ടാളക്കാരനാകാന്‍ ആഗ്രഹിച്ചിരുന്നെന്നും മോദി പറയുന്നു.മറ്റുള്ളവരോട് ഒരിക്കലും ദേഷ്യപ്പെടാത്ത ആളാണ് താന്‍. തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരോട് ദേഷ്യം പ്രകടിപ്പിക്കാനുള്ള കാരണം ഉണ്ടായിട്ടില്ല. കര്‍ക്കശക്കാരനാണ് എന്നത് ശരിതന്നെ. എന്നാല്‍ ദേഷ്യക്കാരനല്ല. എംഎല്‍എ ആയ ശേഷമാണ് ആദ്യമായി ബാങ്ക് അക്കൗണ്ട് ഉണ്ടാകുന്നതെന്നും അമ്മ തനിക്ക് ഇപ്പോഴും പണം തരാറുണ്ടെന്നും മോദി പറയുന്നു. അമ്മ എന്നില്‍നിന്ന് ഒന്നും ആഗ്രഹിക്കുന്നില്ല. മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇപ്പോഴും തന്റെ വ്യക്തിപരമായ ചെലവുകള്‍ സര്‍ക്കാര്‍ വഹിച്ചിട്ടില്ലെന്നും മോദി വ്യക്തമാക്കി.

നുണ പറഞ്ഞ് ദീര്‍ഘകാലത്തേയ്ക്ക് ജനങ്ങളുടെ മതിപ്പ് നേടാന്‍ സാധിക്കില്ല. സ്വയം ചില ചിട്ടകള്‍ പാലിക്കുന്ന ആളാണ് ഞാന്‍. ഏതെങ്കിലും കാര്യത്തിനായി എന്റെ സമയവും ശ്രദ്ധയും നീക്കിവെച്ചാല്‍ ആര്‍ക്കും തന്നെ പിന്‍തിരിപ്പിക്കാനാകില്ല. സ്ഥിരമായി നീന്താറുണ്ട്, യോഗ ചെയ്യാറുണ്ട്- അദ്ദേഹം വ്യക്തമാക്കുന്നു. ട്വിറ്റര്‍ അക്കൗണ്ട് കൃത്യമായി ശ്രദ്ധിക്കാറുണ്ടെന്നും തന്നെക്കുറിച്ചുള്ള ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്നും മോദി പറയുന്നു. താന്‍ തമാശകള്‍ പറയുന്ന ആളാണ്. എന്നാല്‍ ഇപ്പോള്‍ സംസാരത്തിനിടയില്‍ തമാശ പറയാറില്ല. കാരണം, അത് എളുപ്പത്തില്‍ വളച്ചൊടിക്കപ്പെടാം. സുഹൃത്തുക്കളോട് മാത്രമാണ് ഇപ്പോള്‍ തമാശകള്‍ പറയാറുള്ളത്. സോഷ്യല്‍ മീഡിയയുടെ കാര്യത്തില്‍ വളരെ ശ്രദ്ധപുലര്‍ത്താറുണ്ടെന്നും നരേന്ദ്രമോദി അഭിമുഖത്തില്‍ പറയുന്നു.

Related Articles

Latest Articles