Saturday, May 18, 2024
spot_img

‘കോണ്‍ഗ്രസിന് 70 വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിക്കാത്തത് പ്രധാനമന്ത്രി 75 ദിവസം കൊണ്ട് ചെയ്തെന്ന് അമിത് ഷാ

ചണ്ഡീഗഡ്: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിപോന്നിരുന്ന ആര്‍ട്ടിക്കിള്‍-370 റദ്ദാക്കിയ നടപടിയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘ഒരൊറ്റ ഇന്ത്യ’ എന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ സ്വപ്‌നത്തിന് വിഘാതം സൃഷ്ടിച്ച് നിന്നിരുന്നത് ആര്‍ട്ടിക്കിള്‍-370 ആയിരുന്നു എന്ന് അമിത് ഷാ പറഞ്ഞു. വോട്ട് ബാങ്കിനെ പേടിച്ച് കഴിഞ്ഞ 70 വര്‍ഷമായി കോണ്‍ഗ്രസിന് ചെയ്യാന്‍ സാധിക്കാതിരുന്നത് വെറും 75 ദിവസം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തുവെന്നും അമിത് ഷാ പറഞ്ഞു. ഹരിയാനയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഹരിയാനയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അമിത് ഷാ അവകാശപ്പെട്ടു.സ്വാതന്ത്ര്യത്തിന് ശേഷം അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്ത്യയെ ഒന്നിപ്പിച്ചു. ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയായ അമിത് ഷാ പട്ടേല്‍ ചെയ്തതു തന്നെ ആര്‍ട്ടിക്കിള്‍-370 റദ്ദാക്കിയതിലൂടെ ചെയ്തിരിക്കുകയാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍.ഖട്ടറും അവകാശപ്പെട്ടു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ പ്രശംസിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും നേരത്തെ രംഗത്തെത്തിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഗുണമാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിന സന്ദേശത്തിലായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം

Related Articles

Latest Articles