Sunday, December 14, 2025

തീപാറിയ പോരാട്ടം! കേരളം ഉറ്റുനോക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം ഇന്ന്; ജനവിധി കാത്ത് സ്ഥാനാർത്ഥികൾ; വോട്ടെണ്ണൽ 8 മണി മുതൽ

തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം ഇന്ന്. വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമലഭാ മണ്ഡലങ്ങളിലെയും വിജയികൾ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 9 മണിയ്‌ക്ക് ആദ്യ ഫലസൂചനകൾ പുറത്തെത്തും.

ത്രികോണ മത്സരത്തിൽ ജനങ്ങൾ ആരോടൊപ്പമെന്ന് അറിയാൻ പ്രതീക്ഷയോടെയാണ് സ്ഥാനാർത്ഥികൾ കാത്തിരിക്കുന്നത്. ആദ്യം തപാൽ വോട്ടും 8.30 ഓടെ വോട്ടിം​ഗ് മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങും. ചേലക്കരയിൽ ബിജെപിയ്‌ക്കായി കെ ബാലകൃഷ്ണൻ, സിപിഎമ്മിനായി യുആർ പ്രദീപ്, കോൺ​ഗ്രസിനായി രമ്യ ഹരി​ദാസ് എന്നിവരാണ് ജനവിധി തേടിയത്.

പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി സി കൃഷ്ണകുമാറും കോൺ​ഗ്രസിനായി രാഹുൽ മാങ്കൂട്ടത്തിലും സിപിഎമ്മിന് വേണ്ടി പി സരിനുമാണ് മത്സരിച്ചത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോളിം​ഗ് ശതമാനം കുറഞ്ഞത് സ്ഥാനാർത്ഥികളെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് ഒട്ടും കോട്ടം തട്ടാതെ പൂർണ ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥികൾ.

വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ​ഗാന്ധി ജനവിധി തേടിയിറങ്ങിയപ്പോൾ ബിജെപിക്ക് വേണ്ടി നവ്യ ഹരിദാസാണ് കളത്തിലിറങ്ങിയത്. സത്യൻ മൊകേരിയ്‌ക്ക് എത്ര വോട്ടുകൾ ലഭിക്കുമെന്നാണ് സിപിഐ ഉറ്റുനോക്കുന്നത്. വോട്ടെണ്ണലിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി വയനാട് ജില്ലാ കളക്ടർ അറിയിച്ചു.

Related Articles

Latest Articles