തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വീണ്ടും പോര് കടുക്കുന്നു. സസ്‌പെന്‍ഷനിലായ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ വിലക്കി. ഔദ്യോഗിക വാഹനത്തിന്റെ താക്കോല്‍ തിരികെ വാങ്ങാനും ഗാരേജില്‍ സൂക്ഷിക്കാനുമാണ് വൈസ് ചാന്‍സലറുടെ പുതിയ നിര്‍ദേശം. രജിസ്ട്രാറുടെ ചുമതല നല്‍കിയ ഡോ. മിനി കാപ്പനോടും സര്‍വകലാശാല സെക്യൂരിറ്റി ഓഫീസറോടുമാണ് വിസി ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്.
അന്തരീക്ഷം സമാധാനപൂര്‍ണമായാലേ, സിന്‍ഡിക്കേറ്റ് വിളിക്കുന്നതടക്കമുള്ള നടപടികളെടുക്കാനാവൂവെന്ന നിലപാടിലാണ് വിസി. ഇതിനുപിന്നാലെയാണ് സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് വിലക്കി പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. നേരത്തെ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ സിഡിക്കേറ്റ് പിന്‍വലിച്ചെങ്കിലും വിസി അംഗീകരിച്ചിരുന്നില്ല.

